കെ.എം.അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്ന കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി.

യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് സമരപ്പന്തലിന് സമീപത്ത് പോലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ഇതേതുടർന്ന് അഭിജിത്തിനും കെഎസ്‌യു നേതാക്കൾക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.

യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ കഴിഞ്ഞ് എട്ട് ദിവസമായി അഭിജിത്തും കെഎസ്‌യു നേതാക്കളും സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് നടത്തിയ മാർച്ച് തെരുവ് യുദ്ധമായി മാറിയതോടെയാണ് പോലീസ് നടപടിയുണ്ടായത്.

പോലീസ് ബോധപൂർവം സമരപ്പന്തലിന് നേരെ കണ്ണീർവാതക ഷെല്ലുകൾ എറിയുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ആരോപിച്ചു.