തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ചേംബറിന് മുന്പിൽ നടന്ന സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചാർജ് ചെയ്ത ജാമ്യമില്ലാ വകുപ്പുകളിൽ ഒരെണ്ണം നീക്കം ചെയ്തു.
വാച്ച് ആൻഡ് വാർഡ് അംഗങ്ങളെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന ജാമ്യമില്ലാക്കുറ്റമാണ് നീക്കം ചെയ്തത്. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിന്നെന്ന ജാമ്യമില്ലാ വകുപ്പ് കുറ്റപത്രത്തിൽ നിന്ന് നീക്കം ചെയ്തിട്ടില്ല.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില വാച്ച് ആൻഡ് വാർഡുമാരുടെ മൊഴിയുടെയും പരിക്കുകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ അടങ്ങിയ എഫ്ഐആർ രേഖപ്പെടുത്തിയത്. എന്നാൽ കൈയ്ക്ക് പ്ലാസ്റ്ററിട്ട വനിതാ വാച്ച് ആൻഡ് വാർഡിന്റെ കൈയിൽ പൊട്ടലേറ്റില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
പ്രതിപക്ഷ എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ബഷീർ, കെ.കെ. രമ, ഉമ തോമസ് എന്നിവർക്കെതിരേയാണ് മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം 10 വർഷം വരെ തടവ് ലഭിക്കാവുന്ന കേസ് രജിസ്റ്റർ ചെയ്തത്.