കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല
Wednesday, March 29, 2023 2:59 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് മേയ് 10 ന് നടക്കും. 13ന് ഫലപ്രഖ്യാപനം.

ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. തീയതികൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചില്ല. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകൾ മാത്രമാണ് പരിഗണിച്ചതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം.

അഞ്ച് കോടി 21 ലക്ഷം വോട്ടർമാരാണ് കർണാടകയിലുള്ളത്. ഇതിൽ 2.59 കോടി സ്ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടർമാരുമാണ്. 9,17,241 പുതിയ വോട്ടർമാരും തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെട്ടു. 52,282 പോളിംഗ് ബൂത്തുകൾ ഒരുക്കും. ഇതിൽ പകുതി ബൂത്തുകളിൽ വെബ് കാസ്റ്റിംഗായിരിക്കും.

വോട്ടെടുപ്പ് കൂടുതൽ ജനകീയമാക്കാനുള്ള പ്രഖ്യാപനങ്ങളും തെര. കമ്മീഷൻ നടത്തി. 80 വയസിന് മുകളിലുള്ളവർക്കും ശാരീരിക പരിമിതി ഉള്ളവർക്കും വീടുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും. ഗോത്രവിഭാഗങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കാളിയാക്കാൻ പ്രത്യേക പദ്ധതി തയാറാക്കും.

ഒഡീഷ, യുപി, മേഘാലയ എന്നിവിടങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പഞ്ചാബിലെ ജലന്ധർ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും കമ്മീഷൻ പ്രഖ്യാപിച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക