രണ്ടു മണിക്കൂർ 39 മിനിറ്റ്..! ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്
Thursday, June 1, 2023 3:10 PM IST
സ്വന്തം ലേഖകൻ
കൊച്ചി: കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17 വയസുകാരിയെ അടിയന്തര ചികിത്സ ലഭ്യമാക്കാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് രണ്ടു മണിക്കൂർ 39 മിനിറ്റുകൊണ്ടാണ് ആംബുലൻസ് എത്തിയത്. പോലീസ് അകമ്പടിയിലായിരുന്നു യാത്ര.

കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ആൻമരിയ ജോയി എന്ന പെൺകുട്ടിയെയാണ് കൊച്ചി അമൃത ആശുപത്രിയിലേക്ക് എത്തിച്ചത്. കട്ടപ്പനയിൽനിന്ന് ചെറുതോണി, തൊടുപുഴ വഴി റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസ് കടന്നുവന്നത്.

ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലൻസിന് വഴിയൊരുക്കി. സാധാരണ ഗതിയിൽ മൂന്നു മണിക്കൂറും 56 മിനിറ്റും ആവശ്യമാണ് കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക്. ഈ ദൂരം വളരെ വേഗം താണ്ടാൻ മെഡിക്കൽ സംഘത്തിന് സാധിച്ചു.

ഇന്ന് രാവിലെ ഇരട്ടയാർ പള്ളിയിൽ കുർബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. പിന്നീട് സെന്‍റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തോടെ ചികിത്സ നടത്തി. പിന്നീടാണ് KL-06-H-9844 നമ്പരിലുള്ള ആംബുലന്‍സിൽ കുട്ടിയെ അമൃതയിലേക്ക് കൊണ്ടുവന്നത്.

ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ മന്ത്രി റോഷി അഗസ്റ്റിനും ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു. മന്ത്രിയും ആംബുലൻസിനെ അനുഗമിച്ചു.