ഇഗാ യുഗം; ഇ​ഗ ഷ്യാ​ങ്ടെ​ക്കി​ന് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം
Saturday, June 10, 2023 11:04 PM IST
പാ​രീ​സ്: പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്ടെ​ക് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ൾസ് ജേ​താ​വ്. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക​രോ​ളി​ന മു​ചോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി, ഇ​ഗ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും റോ​ള​ങ് ഗാ​രോ​സി​ന്‍റെ രാ​ജ​കു​മാ​രി​യാ​യി. ഇ​ഗ​യു​ടെ മൂ​ന്നാം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​മാ​ണി​ത്.

2020, 2022 സീ​സ​ണി​ലും ഇഗ ചാന്പ്യ​നാ​യി​രു​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു പോ​ളി​ഷ് താ​ര​ത്തി​ന്‍റെ ജ​യം. സ്കോ​ർ: 6-2, 5-7, 6-4.

ആ​ദ്യ സെ​റ്റ് ഇ​ഗ അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി. ചാന്പ്യ​ൻ​ഷി​പ്പി​ൽ ഇ​തു​വ​രെ ഒ​രു സെ​റ്റ് പോ​ലും ന​ഷ്ട​പ്പെ​ടു​ത്താ​തെ ഫൈ​ന​ലി​ൽ​വ​രെ എ​ത്തി​യ ഇ​ഗ​യ്ക്കു ര​ണ്ടാം സെ​റ്റി​ൽ കാ​ലി​ട​റി. മു​ചോ​വ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. ആ​ദ്യ ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ൽ ക​ളി​ക്കു​ന്ന ചെ​ക് താ​രം പോ​ളി​ഷ് സു​ന്ദ​രി​ക്ക് ചെ​ക്ക് വ​ച്ചു.

എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​ത്തി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​നു മു​ന്നി​ൽ മു​ചോ​വ മു​ട്ടു​മ​ട​ക്കി. ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ റോ​ള​ങ് ഗാ​രോ​സി​ൽ ഇ​ഗ പോ​ളി​ഷ് വ​സ​ന്തം തീ​ർ​ത്തു.