ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഓപ്പറേഷന് സിന്ദൂര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായകവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു.
കേന്ദ്രം ഒരു വിഷയത്തില്‍നിന്നും ഒളിച്ചോടില്ലെന്നും സഭ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്.
ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ പദ്ധതിയിടുന്നതിനേക്കുറിച്ചുള്ള ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു.
സര്‍ക്കാര്‍ എല്ലാ ചോദ്യങ്ങളെയും സഭയ്ക്കുള്ളില്‍ അഭിമുഖീകരിക്കും മന്ത്രി പറഞ്ഞു. മണ്‍സൂണ്‍ സമ്മേളനകാലത്ത് 17 ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും റിജിജു കൂട്ടിച്ചേർത്തു.