സർക്കാരിന്റെ വിശദീകരണം തള്ളി ഹൈക്കോടതി
Friday, August 26, 2016 12:42 PM IST
കൊച്ചി: ഏതു വ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിലാണു മെഡിക്കൽ–ഡെന്റൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഏറ്റെടുക്കുന്നതിനു സർക്കാർ നടപടി സ്വീകരിച്ചതെന്നു വ്യക്‌തമാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ വിശദീകരണം നൽകാൻ സർക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജനറൽ സി.പി. സുധാകര പ്രസാദിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ പ്രവേശനം സംബന്ധിച്ച സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ലെന്നു കോടതി വ്യക്‌തമാക്കുകയായിരുന്നു.

നീറ്റ് പട്ടികയുടെ അടിസ്‌ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിനു നടപടി സ്വീകരിക്കാമെന്നും ഇതിനുള്ള പട്ടിക സർക്കാർ നൽകുമെന്നും എജി പറഞ്ഞെങ്കിലും ഇതു പ്രായോഗികമല്ലെന്ന മാനേജ്മെന്റുകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2016–17 അധ്യയനവർഷത്തിലെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ടു കേരള ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ്െ ഫെഡറേഷനു കീഴിലുള്ള കോളജുകളുടെ പ്രോസ്പെക്ടസ് ജയിംസ് കമ്മിറ്റിക്കു നൽകുകയും ഇതു കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, മറ്റു ചില മാനേജ്മെന്റുകളുടെ പ്രോസ്പെക്ടസ് സംബന്ധിച്ചു ജയിംസ് കമ്മിറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ ജയിംസ് കമ്മിറ്റി മൂന്നു ദിവത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

ജസ്റ്റീസ് കെ. സുരേന്ദ്രമോഹൻ, ജസ്റ്റീസ് മേരി ജോസഫ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മുൻപ് സംസ്‌ഥാന സർക്കാർതന്നെ മുൻകൈയെടുത്ത് ഉണ്ടാക്കിയ വ്യവസ്‌ഥകൾ പ്രകാരം അൻപതു ശതമാനം സീറ്റിൽ പ്രവേശനം നടത്തുന്നതിനു മാനേജ്മെന്റുകൾക്ക് അവകാശമുണ്ടെന്നു വ്യക്‌തമാക്കിയിരുന്നെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.


വ്യക്‌തമായ നിബന്ധനകളുടെ അടിസ്‌ഥാനത്തിൽ പരീക്ഷ നടത്തി തയാറാക്കിയ റാങ്ക്ലിസ്റ്റിന്റെ അടിസ്‌ഥാനത്തിലാണു ഫെഡറേഷന്റെ കീഴിലുള്ള കോളജുകളിൽ മുൻപ് റാങ്ക്ലിസ്റ്റ് തയാറാക്കി ഉയർന്ന റാങ്ക് ലഭിച്ചവർക്കു പ്രവേശനം നൽകിയിരുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ടു സംസ്‌ഥാനത്തെ പ്രമുഖ മാധ്യമങ്ങളിലെല്ലാം മാനേജ്മെന്റ് അസോസിയേഷൻ പരസ്യം നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ അയ്യായിരത്തോളം വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ സാധ്യമാവുകയും ചെയ്തിരുന്നു. ഇതിനെല്ലാംശേഷം, സംസ്‌ഥാന സർക്കാർ ഏകപക്ഷീയമായി നിലപാട് മാറ്റുകയായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തൃശൂർ ജൂബിലി മിഷൻ, മലങ്കര ഓർത്തഡോക്സ് ചർച്ച് മെഡിക്കൽ കോളജ് കോലഞ്ചേരി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ–ഡെന്റൽ ഇൻസ്റ്റിറ്റ്യൂഷൻസ്, സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനുവേണ്ടി എംഇഎസ്, കരുണ, എസ്യുടി, കണ്ണൂർ തുടങ്ങിയ മെഡിക്കൽ കോളജുകളുടെ മാനേജ്മെന്റുകളും ഹർജി സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജസ്റ്റീസുമാരായ പി.ആർ. രാമചന്ദ്ര മേനോൻ, അനിൽ കെ. നരേന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേസ് വാദം കേൾക്കുന്നതിൽനിന്നു പിന്മാറിയിരുന്നു. തുടർന്നു പുതിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ച് ഒറ്റ ദിവസംകൊണ്ടു തീർപ്പാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...