പാടിക്കഴിഞ്ഞതും പാടാനിരിക്കുന്നതുമായ ഗാനസാഗരങ്ങള് ബാക്കിയാക്കി എസ്.പി.ബി. എന്ന ഡോ. ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം യാത്രയായി. അസുഖക്കിടക്കയിലേക്ക് പോലും പുഞ്ചിരിച്ചുകൊണ്ടുപോയ അദ്ദേഹത്തെ ലക്ഷങ്ങളുടെ പ്രാര്‍ഥനകള്‍ക്കും തിരിച്ചുകൊണ്ടുവരാനായില്ല. സംഗീതത്തിലെ ഒരുയുഗം കൂടി ഇവിടെ അസ്തമിച്ചു.
വിശ്വഗായകനും വിശ്വമാനവനുമായിരുന്നു എസ്പിബി. 16 ഭാഷകളിലായി അമ്പതിനായിരത്തിലധികം ഗാനങ്ങള്‍ വിശ്വഗായകന്‍ എന്ന പേര് അതുകൊണ്ടുതന്നെ ഒരിക്കലും അതിശയോക്തിയല്ല. ഒപ്പം സഹജീവികളോടു കരുണയോടെ പെരുമാറിയിരുന്ന വിശ്വമാനവനുമായിരുന്നു അദ്ദേഹം. പേരെടുത്തു പറയാവുന്ന ഗാനങ്ങള്‍ ഏറെയുണ്ടെങ്കിലും ശങ്കരാഭരണത്തിലെ ’ശങ്കരാ...’ എന്ന ഗാനം തന്നെയാണ് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക.
സംഗീതത്തിലെ എന്‍ജിനിയര്‍...
പ്രധാനമായും തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലാണ് പാടിയതെങ്കിലും ഭാഷയിലുപരി ആശബ്ദ ഗാംഭീര്യവും മാധുര്യവും ലോകജനതയെ തന്നെ ആനന്ദാതിരേകത്തിലെത്തിച്ചിരുന്നു. ആലാപനത്തിന്റെ വൈവിധ്യമായിരുന്നു എസ് പി ബിയെ മറ്റുഗായകരില് നിന്നും വേറിട്ടുനിര്ത്തിയിരുന്നതു പാട്ടിന്റെ അര്‍ഥം ഗ്രഹിച്ച് അതിനനുസരിച്ചുള്ള ഭാവം നല്കി ആസ്വാദകരിലേക്കെത്തിക്കുന്ന രീതി. വോക്കല്‍ റേഞ്ച്, ശബ്ദത്തിന്റെ ആഴം, ആലാപനരീതി, ശബ്ദത്തിലുള്ള കണ്ട്രോള്എന്നിവ അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി.
ബാലസുബ്രഹ്മണ്യത്തെ എന്‍ജിനീയറാക്കാനായിരുന്നു അച്ഛന് എസ്.പി. സാംബമൂര്‍ത്തിയുടെ ആഗ്രഹം. ഹരികഥാ കലാകാരനായിരുന്ന അച്ഛനിലെ സംഗീതം കൊച്ചുബാലസുബ്രഹ്മണ്യത്തില് കുടിയേറിയിരുന്നു. ഹാര്‍മോണിയവും പുല്ലാങ്കുഴലും ചെറുപ്പത്തിലേ തന്നെ വായിച്ചിരുന്നു. അതുകൊണ്ടുകൂടിയാകും പിന്നീട് മനുഷ്യമനസുകളില്‍ ശബ്ദത്തിന്റെ വൈവിധ്യവും മാധുര്യവും എല്ലാം എത്തിച്ചുനല്‍കിയ സംഗീത എന്‍ജിനിയറാകാന്‍ അദ്ദേഹത്തിനായതും.
1964ല്‍ മദ്രാസ് ബേസ് ആയ തെലുഗു കള്‍ച്ചറല്‍ ഓര്ഗനൈസേഷന് നടത്തിയ അമേച്വര്‍ ഗായകര്‍ക്കായുള്ള സംഗീത മത്സരത്തില്‍ ഒന്നാമതെത്തിയതു ജീവിതത്തിലെ വഴിത്തിരിവായി. അന്ന് വിധികര്‍ത്താവുമായിരുന്ന സംഗീതസംവിധായകന് എസ്.പി. കോദണ്ഡപാണി തന്റെ സംഗീതഗ്രൂപ്പില് ചേര്‍ത്തു. പിന്നീട് സംഗീതരംഗത്തെ മുടിചൂടാമന്നന്മാരായ ഇളയരാജയ്ക്കും ഗംഗൈ അമരനുമൊക്കെയൊപ്പം ലളിതഗാന ട്രൂപ്പുമായി ഏറെ സഞ്ചരിച്ചു.
50 വര്‍ഷത്തിലധികമായി സിനിമാ പിന്നണി ഗാനരംഗത്തുള്ള ഇദ്ദേഹം ഒരുദിവസം കൂടുതല്‍ പാട്ടുകള്‍ പാടിയ റിക്കാര്‍ഡിനും ഉടമയാണ്. 1981 ഫെബ്രുവരി എട്ടിന് ഉപേന്ദ്രകുമാര്‍ എന്ന കന്നഡ സംഗീതസംവിധായകനു വേണ്ടി ബംഗളൂരുവില്‍ വച്ച് 21 പാട്ടുകളാണ് രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനുമിടയ്ക്കുള്ള സമയത്തിനുള്ളില്‍ റിക്കാര്‍ഡ് ചെയ്തത്. 19 തമിഴ് ഗാനങ്ങളും 16 ഹിന്ദി ഗാനങ്ങളും ഒറ്റദിവസത്തില്‍ പാടിയ ചരിത്രവും എസ് പി ബിക്ക് സ്വന്തം.
ലോകപ്രശസ്തനാക്കിയത് ശങ്കരാഭരണം...
1979ല്‍ പുറത്തിറങ്ങിയ ശങ്കരാഭാരണം എന്ന തെലുഗു ചിത്രത്തിലെ ഗാനങ്ങളാണ് എസ് പി ബിയെ ലോകപ്രശസ്തനാക്കിയത്. കെ.വി. മഹാദേവനായിരുന്നു സംഗീതം. ശാസ്ത്രീയമായി പരിശീലനം കാര്യമായി നേടിയിട്ടില്ലാത്ത ഗായകനായിട്ടു കൂടി അതിലെ ഗാനങ്ങള്‍ വളരെ മനോഹരമായി തന്നെ അദ്ദേഹത്തിന് അവതരിപ്പിക്കാനായി. ആദ്യദേശീയ സിനിമാ ഗാനാലാപന പുരസ്കാരം ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് കരഗതമായി. ഓംകാര നാദാനു എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു പുരസ്കാരം.
81ല്‍ ഏക് ദൂജെ കേലിയെ എന്ന ഹിന്ദി ചിത്രത്തിലെ പാട്ടിനും ദേശീയ പുരസ്കാരം ലഭിച്ചു. തേരെമേരെ ബീച് മേം...എന്ന ഗാനമായിരുന്നു പുരസ്കാരാര്‍ഹമായത്. 83ല്‍ സാഗരസംഗമത്തിലെ വേദം അനുവാനുവു എന്ന തെലുഗു ഗാനത്തിലൂടെ വീണ്ടും ദേശീയപുരസ്കാരം. 88ല്‍ രുദ്രവീണ എന്ന തെലുഗുചിത്രത്തിലെ ചെപ്പാളനി ഉണ്ടി എന്ന ഗാനത്തിന് പുരസ്കാരം. 95ല്‍ ഗണയോഗി പഞ്ചാക്ഷരി ഗവയി എന്ന കന്നഡ ചിത്രത്തിലെ ഉമണ്ടുഖുമണ്ഡു എന്ന ഗാനത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു.
96ല്‍ മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തിലെ തങ്കത്താമരൈ... എന്നഗാനത്തിനും ദേശീയ പുരസ്കാരം. തെലുഗു, ഹിന്ദി, കന്നഡ, തമിഴ് എന്നിങ്ങനെ നാലുഭാഷകളിലായി ആറു ദേശീയ പുരസ്കാരം നേടിയെന്നതും ചരിത്രം. ഹിന്ദിയില്‍ മേനെ പ്യാര് കിയാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ പ്രശസ്തിനേടി. പ്രത്യേകിച്ച് ദില്‍ ദീവാന...(89ല്‍ ഫിലിം ഫെയര്‍ പുരസ്കാരം), സല്മാന്ഖാന് ചിത്രങ്ങളിലെ പ്രേമാര്‍ദ്രമായ ഗാനങ്ങള്‍ എസ്പിബിയുടെതായി ഏറെ പുറത്തുവന്നു ഹം ആപ്കെ ഹേ കോന്‍ എന്ന ചിത്രത്തിലെ ദീദി തേരെ ദേവര്‍ ദിവാന ഏറെ പ്രശംസ പിടിച്ചുപറ്റി.
മലയാളത്തിലേക്കെത്തിച്ചത് ദേവരാജന്‍ മാസ്റ്റര്‍...
1969ല്‍ കടല്‍പ്പാലം എന്ന ചിത്രത്തിലൂടെ ദേവരാജന്‍ മാസ്റ്ററാണ് മലയാളത്തിലേക്ക് എസ്പിബിയെ കൊണ്ടുവന്നത്. ഈ കടലും മറുകടലും... എന്ന അതിമനോഹര മെലഡി പ്രേക്ഷകമനസില്‍ ഇടംനേടി. പിന്നീട് ആര്.കെ. ശേഖറിനും (എ.ആര്. റഹ്മാന്റെ പിതാവ്) കെ. രാഘവന് മാസ്റ്റര്‍ക്കും വേണ്ടി പാടി. ചെറിയ ഇടവേളയ്ക്കു ശേഷം 77ല്‍ വീണ്ടും തിരിച്ചെത്തി.
മലയാളത്തില്‍ കൂടുതല്‍ ഫാസ്റ്റ്നമ്പറുകളായിരുന്നു. റാംജിറാവു സ്പീക്കിംഗിലെ കളിക്കളം ഇതു കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണമെയ്യും, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ, ഡാര്‍ലിംഗ് ഡാര്‍ലിംഗ്..., സിഐഡി മൂസയിലെ മേനെ പ്യാര് കിയാ തുടങ്ങി ചടുലമായ പാട്ടുകള്‍ കൊണ്ട് എസ് പി ബി മലയാളി മനസിലും നൃത്തം ചവിട്ടി. നിരവധി മെലഡികളും ആ കണ്ഠത്തില് നിന്നും ഒഴുകിയെത്തിയിരുന്നു. ഓ പ്രിയേ..പ്രിയേ.., താരാപഥം ചേതോഹരം തുടങ്ങിയവ അവയില്‍ ചിലതാണ്. 2018ല്‍ കിണര്‍ എന്ന ചിത്രത്തിനായി എം. ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാസ്വാമി എന്ന ഗാനമാണ് അവസാനമായി മലയാളത്തില്‍ പാടിയത്.
വി.എസ്. ഉമേഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.