ഗവർണർക്കു തിരിച്ചടി: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി
Saturday, March 25, 2023 1:04 AM IST
കൊച്ചി: കേരള സര്‍വകലാശാലാ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യംചെയ്ത് സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സതീഷ് നൈനാന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഗവര്‍ണറുടെ നടപടി ശരിവയ്ക്കുന്നതിനു മതിയായ കാരണങ്ങളില്ലെന്നു വിലയിരുത്തിയാണു കോടതി ഉത്തരവിട്ടത്. സാഹചര്യങ്ങളും വസ്തുതകളും പരിഗണിക്കാതെയാണു ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതെന്നു കോടതി വിലയിരുത്തി.
എസ്. ജോയി, ഡോ. എന്‍.പി. ചന്ദ്രശേഖരന്, ജി. പത്മകുമാര്‍, ഷേക് പി. ഹാരീസ്, പി. അശോകന്, ആര്.എസ്. സുരേഷ് ബാബു, യമുനാ ദേവി എന്നിവരുള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു സെനറ്റംഗങ്ങള്‍ കോടതിയെ സമീപിച്ചത്.
ഗവര്‍ണറുടെ പ്രീതി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കോടതി ഇടപെടേണ്ടതുണ്ടെന്ന് ഉത്തരവ് പറയുന്നു. വസ്തുതകളും സാഹചര്യങ്ങളും സെനറ്റ് അംഗങ്ങളെ പിന്‍വലിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ വ്യക്തമല്ല. ഈ സാഹചര്യത്തില്‍ പ്രശ്നത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന വാദം നിലനില്ക്കുകയില്ലെന്നും 2022 ഓഗസ്റ്റില്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുകയാണെന്നും കോടതി പറഞ്ഞു.
സര്‍വകലാശാലാ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ പലതവണ ആവശ്യപ്പെട്ടിട്ടും സെനറ്റംഗങ്ങള്‍ അനുസരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ സെനറ്റംഗങ്ങളെ പിന്‍വലിച്ചത്. കൂടാതെ സെര്‍ച്ച് കമ്മിറ്റിയും അദ്ദേഹം രൂപീകരിച്ചിരുന്നു.
താനുമായി നിഴല്‍യുദ്ധം ചെയ്തതുകൊണ്ടാണ് സെനറ്റംഗങ്ങളുടെ പ്രീതി പിന്‍വലിച്ചതെന്ന്, ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു. വ്യക്തിപരമായി ഗവര്‍ണര്‍ക്കു പ്രീതി പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് അന്നു കോടതി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞയാഴ്ച കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. വൈസ് ചാന്‍സലര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി സിന്‍ഡിക്കറ്റ് കൊണ്ടുവന്ന ഭരണസംവിധാനമാണു ഗവര്‍ണര്‍ മരവിപ്പിച്ചത്. ഗവര്‍ണറോടു പുതിയ അംഗങ്ങളെ നിയമിക്കാനുള്ള നടപടികള്‍ ചെയ്യരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു.
ഗവർണർ മടങ്ങിയെത്തിയ ശേഷം അപ്പീൽസാധ്യത പരിശോധിക്കും
തിരുവനന്തപുരം: കേരള സർവകലാശാല അംഗങ്ങളെ പിൻവലിച്ച നടപടിയിൽ ഹൈക്കോടതിയിൽ നിന്നു തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു മടങ്ങിയെത്തിയ ശേഷം അപ്പീൽ സാധ്യത അടക്കമുള്ള നിയമവശങ്ങൾ പരിശോധിക്കും. നിയമ വിദഗ്ധരുമായി ഗവർണർ കൂടിക്കാഴ്ച നടത്തും.
സർക്കാർ നിർദേശം അവഗണിച്ചു സർവകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണർ എടുത്ത മൂന്നാമത്തെ തീരുമാനത്തിനെതിരേയാണു ഹൈക്കോടതിയിൽ നിന്നു തിരിച്ചടി നേരിട്ടത്. ഗവർണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ രാജ് ഭവൻ നിയമോപദേഷ്ടാവിനു വീഴ്ച സംഭവിച്ചോ എന്ന കാര്യമടക്കം വിശദമായി പരിശോധിക്കും. ഇന്നു വൈകുന്നേരം ഗവർണർ ഡൽഹിയിൽ നിന്നു രാജ്ഭവനിൽ മടങ്ങിയെത്തും.