കാറും ലോറിയും കൂട്ടിയിടിച്ച് യുവവൈദികന് മരിച്ചു
Tuesday, May 30, 2023 1:43 AM IST
കോഴിക്കോട്: ദേശീയപാതയിൽ വടകര മുക്കാളിയിൽ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രികനായ യുവ വൈദികൻ മരിച്ചു. തലശേരി അതിരൂപതാംഗവും അതിരൂപതയുടെ കീഴിലുള്ള തലശേരിയിലെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരി വൈസ് റെക്ടറുമായ ഫാ. ഏബ്രഹാം (മനോജ്) ഒറ്റപ്ലാക്കല്‍ (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു വൈദികര്‍ക്ക് പരിക്കേറ്റു. ഫാ. ജോര്‍ജ് കരോട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കാണു പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവര്‍ത്തകരും സഞ്ചരിച്ച കാര്‍ ദേശീയപാതയോരത്തു നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. വൈദികര്‍ പാലായില്‍നിന്നു തലശേരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രഗത്ഭനായ ആർട്ടിസ്റ്റുമായി രുന്നു ഫാ.മനോജ്. തലശേരി അതിരൂപതയിലെ എടൂർ സെന്റ് മേരീസ് ഫൊറോന ഇടവകാംഗമായ ഒറ്റപ്ലാക്കൽ പൗലോസ്-ത്രേസ്യാമ്മ ദന്പതികളുടെ നാലു മക്കളിൽ മൂത്തവനായി 1985 മാർച്ച് 19ന് ജനിച്ചു. സഹോദരൻ സിഎസ്ടി സഭാംഗമായ ഫാ. ജോജേഷ് ആഫ്രിക്കയിലെ ടാൻസാനിയയിൽ മിഷണറിയായി സേവനമനുഷ്ഠിക്കു ന്നു. മറ്റു സഹോദരങ്ങൾ: ജിജേഷ്, മഞ്ജുഷ.
2011 ഡിസംബർ 27ന് മാർ ജോർജ് വലിയമറ്റത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാണത്തൂർ പള്ളിയിൽ അസി. വികാരിയായാണു പൗരോഹിത്യജീവിതം ആരംഭിച്ചത്.
തുടർന്ന് പുളിങ്ങോം, കുടിയാന്മല, വെള്ളരിക്കുണ്ട്, പേരാവൂർ എന്നീ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും ചെട്ടിയാംപറന്പ് ഇടവക വികാരിയായും സേവ നം ചെയ്തു. 2019 മേയ് മുതൽ 2023 മേയ് 14 വരെ തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ മാനേജരായി സേവനം ചെയ്തു. തലശേരി മൈനർ സെമിനാരി വൈസ് റെക്ടറായി നിയമനം ലഭിച്ചു രണ്ടാഴ്ചയാകുന്പോഴാണ് ഫാ. മനോജിന്റെ വിയോഗം.
ഇന്നലെ വൈകുന്നേരം നാലുവരെ തലശേരി സെന്റ് ജോസഫ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ച മൃതദേഹം രാത്രി സ്വദേശമായ എടൂരിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ പത്തുവരെ എടൂർ മരുതാവിലുള്ള സ്വഭവനത്തിലും തുടർന്ന് ഉച്ചകഴിഞ്ഞ് 2.30വരെ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും. മൂന്നിന് സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. സംസ്കാരശുശ്രൂഷകൾക്ക് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.