കോൺഗ്രസ് ഗ്രൂപ്പുപോര്: വിട്ടുവീഴ്ചയില്ലാതെ ഇരുവിഭാഗവും
Sunday, June 11, 2023 12:24 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയ്ക്കു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിൽ പൊട്ടിപ്പുറപ്പെട്ട പോരിനു ശമനമില്ല. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെയും കാര്യമായ കൂടിയാലോചനകളില്ലാതെയും ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനാ പട്ടിക പ്രസിദ്ധീകരിച്ച നടപടിയിലെ പ്രതിഷേധം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കുമെന്ന നിലപാടിൽ നിന്ന് എ, ഐ ഗ്രൂപ്പുകൾ പിന്നോട്ടില്ല. നാമനിർദേശം ചെയ്ത ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള പരിശീലന- പഠന ക്യാന്പ്് നാളെ മുതൽ തുടങ്ങുമെന്ന നിലപാടിൽ ഒൗദ്യോഗിക വിഭാഗവും ഉറച്ചു നിൽക്കുന്നു.
സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്നത്. ഇപ്പോൾ പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങൾ താരിഖ് അൻവറിന്റെ ശ്രദ്ധയിൽ പെടുത്തുമെങ്കിലും ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ പ്രശ്നങ്ങൾ ധരിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് എ- ഐ ഗ്രൂപ്പ് സംയുക്ത നേതൃത്വങ്ങൾ. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ ചിലയിടങ്ങളിൽ പ്രതിസന്ധിയുണ്ടെന്ന താരിഖ് അൻവറിന്റെ പ്രസ്താവനയും തങ്ങളുടെ പ്രതിഷേധത്തിനു നേരിയ ഫലം കണ്ടതിന്റെ സൂചനയായി ഗ്രൂപ്പ് നേതൃത്വങ്ങൾ അവകാശപ്പെടുന്നു.
എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരം പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ പരിശീലന പഠന ക്യാന്പിൽ പങ്കെടുക്കുന്നതിനാണ് താരിഖ് അൻവർ എത്തുന്നതെന്നാണ് ഒൗദ്യോഗിക വിഭാഗം പറയുന്നത്.
ഇതിനിടയിൽ ഇപ്പോഴത്തെ പാർട്ടിയിലെ പ്രശ്നങ്ങളിലും ചർച്ചയുണ്ടാകും. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, എ ഗ്രൂപ്പ് പ്രതിനിധിയെന്ന നിലയിൽ യുഡിഎഫ് കണ്‍വീനർ എം.എം. ഹസനുമായും ഐ ഗ്രൂപ്പിന്റെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും അനൗപചാരിക ചർച്ചകൾ നടത്തിയെങ്കിലും വിജയം കണ്ടില്ല.
ബ്ലോക്ക് പുനഃസംഘടനയുടെ അന്തിമഘട്ട ചർച്ചകളിൽ തങ്ങളെ ഉൾപ്പെടുത്താത്തതിലെ പ്രതിഷേധമാണ് ഇരുവരും പ്രധാനമായി പങ്കുവച്ചത്. തുടർന്ന നടക്കുന്ന പുനഃസംഘടനകളിൽ തങ്ങളുടെ പ്രതിനിധികൾ ഉണ്ടാകണമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കുന്നത്. ഇതടക്കമുള്ള പരസ്യ നിലപാടുകളുമായി മുന്നോട്ടു പോകുന്നതെന്നാണ് ഒൗദ്യോഗിക പക്ഷം കരുതുന്നത്.
തങ്ങളുമായി ചർച്ച നടത്താതെ പുനഃസംഘടനയുമായി മുന്നോട്ടു പോയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നെന്ന ഗുരുതര ആരോപണമായിരുന്നു കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്ന് എ, ഐ ഗ്രൂപ്പുകളുടെ മുതിർന്ന നേതാക്കൾ ആരോപിച്ചത്. ഇതിനുള്ള പ്രതികരണവുമായി ഇന്നലെ വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. തനിക്കെതിരേ കോണ്‍ഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്നു വിശ്വസിക്കുന്നില്ലെന്ന വി.ഡി. സതീശന്റെ പ്രസ്താവന തനിക്കെതിരേ പടയൊരുക്കം നടത്തുന്ന എ, ഐ ഗ്രൂപ്പ് നേതാക്കളെ ലക്ഷ്യമിട്ടുള്ളതായി.
രാജ്യത്തു കോണ്‍ഗ്രസ് നാമാവശേഷമാകുന്പോൾ, സംസ്ഥാനത്തു നേതാക്കളെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നെന്ന വിവാദ പരാമർശവുമായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും രംഗത്തെത്തി. കോണ്‍ഗ്രസിൽ രൂപം കൊണ്ട പരസ്യ യുദ്ധത്തിനെതിരേ കെ. മുരളീധരൻ എംപിയടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യനിലപാടുമായി രംഗത്തെത്തിയിരുന്നു.