എലീസ വഴി മാറും, ‘നാറ്റ്’ വരും
Wednesday, October 4, 2023 1:16 AM IST
സിജോ പൈനാടത്ത്
കൊച്ചി: എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ വേഗത്തില്‍ മനസിലാക്കാനാവുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകളിലെ രണ്ടാമത്തെ നാറ്റ് (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) രക്ത പരിശോധനാ കേന്ദ്രത്തിന് ആരോഗ്യവകുപ്പിന്റെ പച്ചക്കൊടി. ആലുവയിലെ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള രക്തബാങ്കിലാകും നാറ്റ് പരിശോധനാ സംവിധാനം സജ്ജമാക്കുക.
നാറ്റ് ടെസ്റ്റ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് മൂന്നു കോടി രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ ബ്ലഡ് ബാങ്ക് അധികൃതരെ അറിയിച്ചു. മെഷിനറികള്‍ വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ഉടന്‍ ടെണ്ടര്‍ ക്ഷണിക്കും. മധ്യകേരളത്തിലെ വിവിധ ജില്ലകളിലുള്ള രോഗികള്‍ക്ക് നാറ്റ് കേന്ദ്രം നേട്ടമാകും.
സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) മാത്രമാണ് നാറ്റ് പരിശോധനയ്ക്ക് സൗകര്യമുള്ളത്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നാറ്റ് സജ്ജമാക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മധ്യകേരളത്തിലെ ജില്ലകള്‍ക്കായി ആലുവ കേന്ദ്രീകരിച്ചു നാറ്റ് പരിശോധനാ കേന്ദ്രം വേണമെന്ന ആവശ്യം 2003 മുതല്‍ സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നു.
നിലവില്‍ എച്ച്ഐവി, എച്ച്സിവി, എച്ച്ബിവി, സിഫിലിസ്, മലേറിയ രോഗാണു ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നറിയാന്‍ സര്‍ക്കാര്‍ രക്തബാങ്കുകളില്‍ എലീസ ടെസ്റ്റാണ് നടത്തുന്നത്. ഇതിന്റെ ഫലം ലഭിക്കാന്‍ വലിയ കാലതാമസം (വിന്‍ഡോ പിരീഡ്) നേരിടുന്നത് ചികിത്സയില്‍ പ്രതിസന്ധിയാണ്. കഴിഞ്ഞ ദിവസം ആലുവയില്‍ ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എലീസ ടെസ്റ്റില്‍ ഹെപ്പറ്റൈറ്റിസ് ബി പരിശോധനാ ഫലത്തിന് 34 ദിവസമെടുക്കുമ്പോള്‍ നാറ്റില് 10 ദിവസം മതി. ഹെപ്പറ്റൈറ്റിസ് സി അറിയാന്‍ എലീസയില്‍ 34 ദിവസം, നാറ്റ് ടെസ്റ്റില്‍ ഒരു ദിവസം. എച്ച്ഐവി പരിശോധനാ ഫലം നാറ്റിലൂടെ ലഭിക്കാന്‍ രണ്ടു ദിവസം മതിയാകും. എലീസയിലാകുമ്പോള് 73 ദിവസമാണ് വിന്‍ഡോ പിരീഡ്.
പല തവണ രക്തം ആവശ്യമായി വരുന്ന അര്‍ബുദം, താലസീമിയ, മറ്റു രക്തജന്യ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയിലും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും നാറ്റ് പരിശോധന നേട്ടമാകും.
2.5 കോടി-3 കോടി രൂപയാണ് നാറ്റ് മെഷീനറികള്‍ സ്ഥാപിക്കാന്‍ വേണ്ടിവരുന്നത്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് 10 ശതമാനമാണ് നിരക്ക്. പ്രതിവര്‍ഷം ശരാശരി 40,000 ടെസ്റ്റുകളാണ് നാറ്റ് മെഷീനുകളില്‍ ചെയ്യുന്നത്.
ടേണ്‍ കീ വരണം
നാറ്റ് ടെസ്റ്റിനായി കേരളത്തിലെ എല്ലാ രക്തബാങ്കുകളിലെയും രക്തസാമ്പിളുകള്‍ ശേഖരിച്ചെത്തിച്ച് 24 മണിക്കൂറിനകം റിസള്‍ട്ട് നല്കാനാകുന്ന ടേണ്‍ കീ സംവിധാനം ആലുവയില്‍ ഏര്‍പ്പെടുത്തിയാല്‍ പരമാവധി ആളുകള്‍ക്ക് സേവനം ലഭ്യമാക്കാനാകുമെന്ന് ആലുവ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. വിജയകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളില്‍ നാറ്റ് പരിശോധനയ്ക്ക് നിലവില്‍ സൗകര്യമുണ്ട്. പരിശോധനാ നിരക്ക് 1500 രൂപ വരെയാണ്. സര്‍ക്കാര്‍ മേഖലയില്‍ സാധാരണക്കാര്‍ക്ക് 300 രൂപയ്ക്ക് ഈ സൗകര്യം ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷ, ജമ്മു കാഷ്മീര്‍, ഛത്തീസ്ഗഢ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നാറ്റ് ടെസ്റ്റിന് ടേണ്‍ കീ സംവിധാനം വിജയകരമായി നടപ്പാക്കുന്നുണ്ട്.