തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ മണ്ഡലം പുനഃസംഘടന ഉടനടി പൂർത്തിയാക്കേണ്ടതുണ്ട്. മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിൽ തങ്ങൾ നിർദേശിക്കുന്നവരെക്കൂടി ഉൾപ്പെടുത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടതോടെയാണ് പുനഃസംഘടനാ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ മണ്ഡലം പ്രസിഡന്റുമാരെയും നിയമിക്കാൻ സാധിക്കുമെന്നാണു കരുതപ്പെടുന്നത്. ഇതിനു പിന്നാലെ ബൂത്ത് തല പുനഃസംഘടനയും പൂർത്തിയാക്കും.
ഒഴിവുകൾ നികത്തും? രാഷ്ട്രീയകാര്യ സമിതിയിലും കെപിസിസിയിലുമുള്ള ഒഴിവുകൾ നികത്തുന്നതിനേക്കുറിച്ചും ആലോചനകളുണ്ട്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസിന്റെ ഒഴിവ് ഉൾപ്പെടെ നികത്താനുണ്ട്. രാഷ്ട്രീയകാര്യ സമിതിയിലും പി.ടി. തോമസ്, ഉമ്മൻ ചാണ്ടി, കോണ്ഗ്രസ് വിട്ടു പോയ പി.സി. ചാക്കോ തുടങ്ങിയവരുടേതുൾപ്പെടെയുള്ള ഒഴിവുകളുണ്ട്. ഇതു നികത്തേണ്ടത് ഹൈക്കമാൻഡ് ആണ്.
കോണ്ഗ്രസ് സംസ്ഥാന ഘടകത്തെ നിയന്ത്രിക്കുന്നതിനായി ഹൈക്കമാൻഡ് രാഷ്ട്രീയകാര്യ സമിതിക്കു രൂപം നൽകിയതിനു സമാനമായി ജില്ലാതലത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതിനേക്കുറിച്ചും ആലോചനകളുണ്ട്. ജില്ലകളിലെ പ്രമുഖ നേതാക്കളും കെപിസിസി ഭാരവാഹികളും ഇതിൽ ഉൾപ്പെടുന്ന തരത്തിലാണ് ഉദ്ദേശിക്കുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവർ, കേരളത്തിൽനിന്നുള്ള വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുക്കും.