വാരിക്കോരി മാർക്ക് നൽകുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ
Wednesday, December 6, 2023 2:48 AM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്കുപോലും എ പ്ലസ് ലഭിക്കുന്നുണ്ടെന്ന് എസ്. ഷാനവാസ് വിമർശിച്ചു. എസ്എസ്എൽസി ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി കഴിഞ്ഞ മാസം സംഘടിപ്പിച്ച ശില്‍പശാലയ്ക്കിടെയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം.
സ്വന്തം പേരെഴുതാൻ അറിയാത്ത കുട്ടികൾക്കുപോലും എ പ്ലസ് ലഭിക്കുന്നുവെന്നാണ് വിമർശനം. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ വിമർശിക്കുന്നില്ല; എന്നാൽ 50 ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് അധ്യാപകരോട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ രൂക്ഷവിമർശനത്തോടെ വാരിക്കോരി മാർക്ക് വിതരണം വേണ്ടെന്ന വാക്കാലുള്ള നിർദേശത്തോടെയാണ് ശില്പശാല അവസാനിപ്പിച്ചത്. മൂല്യനിർണയം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിമർശനം ഉന്നയിച്ചതെന്ന് അഭിപ്രായമുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തെ വിലകുറച്ചു കാട്ടുന്നതാണ് ഈ വിമർശനമെന്നും വിലയിരുത്തലുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
കുട്ടികളോടുള്ള ചതി
“ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചുകൊള്ളട്ടെ, വിരോധമില്ല. പക്ഷേ 50 ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട്. 69,000 പേർക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്നു വച്ചാൽ... എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്കുവരെ അതിൽ എ പ്ലസ് ഉണ്ട്. എ പ്ലസും എ ഗ്രേഡും നിസാരമല്ല; ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്തുനിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്. ’’
- എസ്. ഷാനവാസ് (പൊതുവിദ്യാഭ്യാസ ഡയറക്ടർ)
സര്‍ക്കാര്‍ നിലപാടിൽ മാറ്റമില്ല
സ്വകാര്യമായി നടക്കുന്ന ശില്പശാലകളില് വിമര്‍ശനപരമായി വിദ്യാഭ്യാസത്തെ എങ്ങനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ല. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണു സര്‍ക്കാര്‍ നയം.
കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ധിപ്പിക്കുകയെന്നതു സര്‍ക്കാര്‍ നയമല്ല. എല്ലാ കുട്ടികളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടും ഉള്‍ക്കൊണ്ടും ഗുണമേന്മ വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.
കേരള വിദ്യാഭ്യാസ മാതൃക ദേശീയ ഗുണനിലവാര സൂചികകളിലും മുന്‍പന്തിയിലാണ്. കേരള മാതൃകയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്ത്തനങ്ങളിലാണു പൊതുവിദ്യാഭ്യാസ വകുപ്പ്.
-വി. ശിവന്‍കുട്ടി (വിദ്യാഭ്യാസ മന്ത്രി)