ഓണ്‍ലൈൻ ചൂതാട്ടങ്ങൾക്ക് 28% ജിഎസ്ടി
Thursday, December 7, 2023 2:21 AM IST
തിരുവനന്തപുരം: കുതിരപ്പന്തയത്തിനും പണം വച്ചുള്ള ചൂതാട്ടങ്ങൾക്കും ഓണ്‍ലൈൻ ഗെയിമുകൾക്കും 28 ശതമാനം ചരക്കുസേവന നികുതി ഈടാക്കുന്നതിനുള്ള ശിപാർശ സംസ്ഥാനത്തു നടപ്പാക്കുന്നതിനായി ചരക്കുസേവന നികുതി നിയമത്തിൽ ഭേദഗതി വരുത്തും.
ഇതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. ജിഎസ്ടി കൗണ്‍സിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും ഇവയ്ക്ക് 28 ശതമാനം നികുതി ചുമത്തുന്നത്.
2023 ഒക്ടോബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണു ഓർഡിനൻസിൽ പറയുന്നത്. ഗവർണർ ഒപ്പുവയ്ക്കുന്നതോടെ ഇതു നിയമത്തിന്റെ പരിധിയിൽ വരും.
ഓണ്‍ലൈൻ ഗെയിമിംഗും കുതിരപ്പന്തയവും പണം വച്ചുള്ള ചൂതാട്ടവും നികുതി വലയത്തിൽ വന്നതോടെ ഇവ സംസ്ഥാനത്ത് ആരംഭിക്കുമോ എന്ന കാര്യത്തിലാണ് ഇനി ആശങ്കയുള്ളത്. ഇത്തരം കാര്യങ്ങൾ സംസ്ഥാനത്ത് തുടങ്ങണമോ എന്ന കാര്യം സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ പെടുന്നതാണ്.
പന്തയത്തിന്റെ മുഖവിലയ്ക്കാണ് നികുതി ഏർപ്പെടുത്തുന്നത്. അതായത്, 1,000 കോടിയുടെ കുതിരപ്പന്തയം നടന്നാൽ ഇത്രയും തുകയുടെ 28 ശതമാനമാണു ജിഎസ്ടിയായി നൽകേണ്ടത്. ഗോവ, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുതിരപ്പന്തയവും ചൂതാട്ടവും അടക്കമുള്ളവ നിലവിലുള്ളത്.
ഓണ്‍ലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ജിഎസ്ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുള്ള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.