ലോക്സഭാ തെരഞ്ഞെടുപ്പ്; കരുത്തരുമായി സിപിഎം
Thursday, February 22, 2024 2:32 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുന്പു തന്നെ പാർട്ടി സ്ഥാനാർഥികളെ തീരുമാനിച്ച് സിപിഎം. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച സ്ഥാനാർഥി പട്ടിക സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടന്ന പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.
27ന് സ്ഥാനാർഥികളെ ഒൗദ്യോഗികമായി പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗവും മൂന്ന് എംഎൽഎമാരും ഇക്കുറി സ്ഥാനാർഥികളാകുന്നു എന്നതാണു മറ്റൊരു പ്രത്യേകത.
ലോക്സഭാ തെരഞ്ഞെടുപ്പു സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇക്കുറി രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ പ്രമുഖരെത്തന്നെ പാർട്ടി മത്സരരംഗത്ത് ഇറക്കുകയാണ്.
പോളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, ഡോ. ടി.എം. തോമസ് ഐസക്, എളമരം കരീം, കെ. രാധാകൃഷ്ണൻ എന്നിവർ മത്സരിക്കുകയാണ്.
സിറ്റിംഗ് എംപി എ.എം. ആരിഫിനെത്ത ന്നെ വീണ്ടും പാർട്ടി ആലപ്പുഴയിൽ മത്സരത്തിനിറക്കുന്നു. കേരളത്തിൽനിന്നും പരമാവധി സീറ്റുകൾ നേടി ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കുകയെന്നതാണ് ഇതുകൊണ്ടു സിപിഎം ലക്ഷ്യമിടുന്നത്.
പാർട്ടിയിൽ ജനസ്വാധീനമുള്ളവരെ മത്സരിപ്പിച്ചു സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണു മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ കെ.കെ. ശൈലജയെ വടകരയിൽ സ്ഥാനാർഥിയാക്കുന്നത്. കോണ്ഗ്രസ് നേതാവ് കെ. മുരളീധരനാണു നിലവിൽ വടകരയിലെ എംപി.
അദ്ദേഹം തന്നെ വീണ്ടും സ്ഥാനാർഥിയാകുമെന്നാണു കരുതുന്നത്. എങ്കിൽ മത്സരം വടകരയിൽ തീ പാറുമെന്നുറപ്പ്. സിപിഎം സ്ഥാനാർഥിയായി ശൈലജ വടകരയിൽ എത്തുന്നതോടെ കെ.കെ. രമ എംഎൽഎയുടെ ആർഎംപിക്കും നെഞ്ചിടിപ്പു കൂടും.
മന്ത്രി കെ. രാധാകൃഷ്ണനെ ആലത്തൂരിൽ മത്സരിപ്പിക്കുന്നതിനു പിന്നിലും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണുള്ളത്. കോണ്ഗ്രസിന്റെ രമ്യ ഹരിദാസാണു നിലവിൽ ആലത്തൂരിന്റെ എംപി. സിപിഎമ്മിൽനിന്നും കോണ്ഗ്രസ് പിടിച്ചെടുത്ത സീറ്റാണ് ആലത്തൂർ.
മന്ത്രി രാധാകൃഷ്ണനെ സിപിഎം സ്ഥാനാർഥിയാക്കുന്നതും സീറ്റ് തിരിച്ചുപിടിക്കാൻ തന്നെ. രാധാകൃഷ്ണൻ മത്സരിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും പാർട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു.
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും മത്സരരംഗത്തുണ്ട്. രണ്ടു പേരും മത്സരിക്കുന്നതിനു പിന്നിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെകൂടി ഇടപെടലുണ്ട്.
മൂന്നു സിപിഎം ജില്ലാ സെക്രട്ടറിമാർ ഇക്കുറി മത്സരിക്കുന്നു. പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ.
മുൻ മന്ത്രി സി. രവീന്ദ്രനാഥിനെ ചാലക്കുടിയിൽ സിപിഎം സ്ഥാനാർഥിയാക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ നടത്തിയ മികച്ച പ്രകടനമാണ് രവീന്ദ്രനാഥിനെ ബെന്നി ബെഹനാനെതിരെ പരീക്ഷിക്കാൻ പാർട്ടി തീരുമാനിച്ചത്.
മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെയാണു സിപിഎം രംഗത്തിറക്കുന്നത്. വസീഫിലൂടെ യുവജനപ്രാതിനിധ്യം കൂടി പാർട്ടി ഉറപ്പാക്കുകയാണ്.
പ്രഖ്യാപനം 27ന്
സ്ഥാനാർഥികൾ: ആറ്റിങ്ങൽ -വി.ജോയ്, കൊല്ലം - എം.മുകേഷ്, പത്തനംതിട്ട-ഡോ. ടി.എം.തോമസ് ഐസക്, ആലപ്പുഴ -എ.എം.ആരിഫ്, എറണാകുളം- കെ.ജെ. ഷൈൻ, ചാലക്കുടി- സി.രവീന്ദ്രനാഥ്, ആലത്തൂർ-കെ. രാധാകൃഷ്ണൻ, മലപ്പുറം-വി.വസീഫ്, പൊന്നാനി -കെ.എസ്. ഹംസ, കോഴിക്കോട് -എളമരം കരീം, വടകര -കെ.കെ. ശൈലജ, പാലക്കാട് -എ.വിജയരാഘവൻ, കണ്ണൂർ -എം.വി. ജയരാജൻ, കാസർഗോഡ് -എം.വി. ബാലകൃഷ്ണൻ, ഇടുക്കി- ജോയ്സ് ജോർജ് (സ്വതന്ത്രൻ).