വിവരാവകാശ കമ്മീഷണർ ശിപാർശ; സർക്കാർ പട്ടിക ഗവർണർ തിരിച്ചയച്ചു
Sunday, February 25, 2024 1:01 AM IST
തിരുവനന്തപുരം: പരാതികളിൽ വിശദീകരണം തേടി സർക്കാർ ശിപാർശ ചെയ്ത സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു.
പട്ടികയിൽ ഉൾപ്പെട്ട ചിലർക്കെതിരേ ഉയർന്ന കേസുകളിൽ വിജിലൻസ് ക്ലിയറൻസ് തേടിയും, ഒഴിവുകൾ സംബന്ധിച്ചു പത്രങ്ങളിൽ പരസ്യം ചെയ്യാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും തെരഞ്ഞെടുത്തു എന്നതടക്കമുള്ള പരാതികളിൽ വിശദീകരണം തേടിയുമാണ് ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്ക് മടക്കി അയച്ചത്.
സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായി മുഖ്യമന്ത്രി അധ്യക്ഷനായ സമിതി ശിപാർശ ചെയ്ത മുൻ കോളജ് അധ്യാപകരായ പ്രഫ. എം. ശ്രീകുമാർ, പ്രഫ. ടി.കെ. രാമകൃഷ്ണൻ, പത്രപ്രവർത്തകനായ ഡോ. സോണിച്ചൻ പി. ജോസഫ് എന്നിവരുടെ ഫയലിലാണു കൂടുതൽ വിശദീകരണം തേടി ഗവർണർ മടക്കിയത്.
ഇവരിൽ ചിലർക്കെതിരേ പോലീസ് കേസുകൾ അടക്കം നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഗവർണർക്കു ലഭിച്ചിരുന്നു. വിവരാവകാശ കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമം പാലിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനും നിയമമന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ അംഗങ്ങളുമായ സമിതി തെരഞ്ഞെടുപ്പു നടത്തിയതെന്നാണു മറ്റൊരു പരാതി.
സിപിഎം നോമിനിയായ എം. ശ്രീകുമാർ കോളജ് അധ്യാപകരുടെ സിപിഎം അനുകൂല സംഘടനയുടെ എകെപിസിടിഎ ഭാരവാഹിയായിരുന്നു. സിപിഐ പ്രതിനിധിയായ ടി.കെ. രാമകൃഷ്ണൻ തൃശൂർ കേരള വർമ കോളജിലെ മുൻ അധ്യാപകനാണ്.
പത്രപ്രവർത്തകനായ ഡോ. സോണിച്ചൻ പി. ജോസഫ് കേരള കോണ്ഗ്രസ്-എം പ്രതിനിധിയായാണ് പട്ടികയിൽ ഉൾപ്പെട്ടത്. മുഖ്യ വിവരാവകാശ കമ്മീഷണറായി മുൻ നിയമ സെക്രട്ടറി ഹരി വി. നായരെ തെരഞ്ഞെടുത്ത ശിപാർശ ഗവർണർ അംഗീകരിച്ചിരുന്നു.