യുഡിഎഫ് സീറ്റുവിഭജനം പൂർത്തിയായി; കോണ്‍ഗ്രസ് 16 സീറ്റിൽ മത്സരിക്കും
Thursday, February 29, 2024 2:28 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റുവിഭജനം പൂർത്തിയായി. കഴിഞ്ഞ തവണ മത്സരിച്ച 16 സീറ്റിൽ ഇക്കുറിയും കോണ്‍ഗ്രസ് മത്സരിക്കും.
ഉഭയകക്ഷി ചർച്ചകളുടെ അടിസ്ഥാനത്തിൽ 16 സീറ്റിൽ കോണ്‍ഗ്രസും, മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗും കൊല്ലത്ത് ആർഎസ്പിയും കോട്ടയത്ത് കേരള കോണ്‍ഗ്രസും മത്സരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
അടുത്തതായി ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിനു നല്‍കും. ലോക്സഭയിലേക്ക് മൂന്നാമതൊരു സീറ്റുകൂടി വേണമെന്ന് ലീഗ് ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നെന്നും ലീഗിന് മൂന്നാം സീറ്റിനുള്ള അർഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തലെന്നും സതീശൻ പറഞ്ഞു.
പ്രത്യേകമായ സാഹചര്യത്തിൽ സീറ്റ് നൽകുന്നതിലുള്ള ബുദ്ധിമുട്ട് ലീഗിനെ ബോധ്യപ്പെടുത്തി. അടുത്ത രാജ്യസഭാ സീറ്റ് ലീഗിനു നൽകാൻ തീരുമാനിച്ചു. അതിനു ശേഷം വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. യുഡിഎഫ് ഭരണത്തിൽ എത്തുന്പോൾ ലീഗിന് രണ്ട് സീറ്റെന്ന കീഴ്വഴക്കം ഉറപ്പാക്കും.
ഘടകകക്ഷികളുമായി നടത്തിയ ചർച്ചയിൽ ഇരുപതിൽ ഇരുപത് സീറ്റും നേടുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്ന തീരുമാനമാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കേരളത്തിൽ ജനവികാരമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.