ഒന്നരദിവസം ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയായ വയോധികൻ ജീവിതത്തിലേക്ക്
Tuesday, July 16, 2024 2:35 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ തകരാറിലായ ലിഫ്റ്റില്‍ ഒന്നരദിവസം ആരുമറിയാതെ കുടുങ്ങിക്കിടന്ന രോഗിയായ വയോധികന് പുനര്ജന്മം. മെഡിക്കല്‍ കോളജ് സ്വദേശി രവീന്ദ്രന് നായര്‍ (60) ആണ് ആശുപത്രി ഒപി ബ്ലോക്കിലെ 11-ാം നമ്പര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെയാ യിരുന്നു സംഭവം.
ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന രവീന്ദ്രന് നായര്‍ മൂന്നാംനിലയിലെ ഓര്‍ത്തോവിഭാഗം ഡോക്ടറെ കാണാനെത്തിയതായിരുന്നു. പിന്നീട് ലാബ് പരിശോധനാ ഫലം വാങ്ങുന്നതിന് താഴെയെത്തി.
വീണ്ടും ഡോക്ടറെ കാണാനെത്തിയപ്പോള്‍ ചില പരിശോധനാ രേഖകള്‍ കൊണ്ടുവന്നിട്ടില്ലെന്നറിഞ്ഞു. ഉടന്‍തന്നെ മെഡിക്കല്കോളജിനു സമീപത്തെ വീട്ടിലേക്കുപോയി രേഖകളുമായി തിരികെയെത്തി. ഒപി ബ്ലോക്കിലെ 11-ാം നമ്പര്‍ ലിഫ്റ്റ് കേടായതാണെന്നറിയാതെ ലിഫ്റ്റില്‍ കയറുകയായിരുന്നു.
ലിഫ്റ്റിനുള്ളില്‍ മുകളിലേക്ക് പോകുന്ന ബട്ടണ്‍ അമര്‍ത്തിയതോടെ ലിഫ്റ്റ് അല്പം മുകളിലേക്കു നീങ്ങി നിശ്ചലമായി. ഒച്ചയുണ്ടാക്കിയെങ്കിലും പുറത്താരും കേട്ടില്ല. അതിനിടെ ഇദ്ദേഹത്തിന്റെ ഫോൺ താഴെവീണ് തകരാറിലായി. ഇദ്ദേഹം ലിഫ്റ്റിനുള്ളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഇന്നലെ രാവിലെ ഏഴുവരെ കഴിച്ചുകൂട്ടി.
ഗത്യന്തരമില്ലാതെ വന്നതോടെ പ്രാഥമിക കൃത്യങ്ങളും ലിഫ്റ്റിനുള്ളില്ത്തന്നെ നടത്തേണ്ടിവന്നു! ഞായറാഴ്ച അവധിദിനമായതിനാല്‍ ലിഫ്റ്റ് നന്നാക്കാന്‍ ആരുമെത്തിയില്ല. ഇന്നലെ രാവിലെ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കുവേണ്ടി ജീവനക്കാര്‍ എത്തിയപ്പോഴാണ് ലിഫ്റ്റ് പാതിവഴിയില്‍ കു ടുങ്ങിയതു കണ്ടത്. തുടര്‍ന്ന് ലിഫ്റ്റ് പൊളിച്ച് ഉടന്‍തന്നെ ഇദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു.
11-ാം നമ്പര്‍ ലിഫ്റ്റ് കേടാണെന്നറിയിക്കുന്നതിനായി ചുവന്ന റിബണ്‍ കൊണ്ട് ലിഫ്റ്റ് മറച്ചിരുന്നുവെന്നും അത് എങ്ങനെയോ നഷ്ടപ്പെട്ടതാണ് പ്രശ്നത്തിനു കാരണമായതെന്നുമാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്.
രവീന്ദ്രന് നായരെ കാണാതായതോടെ വീട്ടുകാർ ബന്ധുവീടുകളിലെല്ലാം അന്വേഷിച്ചശേഷം പോലീസിൽ പരാതി നൽകിയിരുന്നു. ഒന്നരദിവസം ലിഫ്റ്റിനുള്ളില്‍ കഴിച്ചുകൂട്ടിയപ്പോള്‍ വായൂസഞ്ചാരം കുറഞ്ഞതുമൂലം ചില അസ്വസ്ഥതകളും ഭയപ്പാടുമൂലം മാനസികവിഭ്രാന്തിയും അല്പനേരം പ്രകടമാക്കിയ രവീന്ദ്രന് നായരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയയ്ക്കുകയായിരുന്നു.
തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ താത്കാലിക ജീവനക്കാരനാണ് രവീന്ദ്രന് നായര്‍. ഇദ്ദേഹത്തിന്റെ ഭാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ജോലിനോക്കിവരികയാണ്. കേടായിക്കിടന്ന ലിഫ്റ്റ് ആശുപത്രി ഉന്നത അധികാരികളുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി.
മൂന്നു ജീവനക്കാര്‍ക്ക് സസ്പെന്ഷന്
മെഡിക്കല്‍ കോളജ്: രോഗിയായ വയോധികന് ലിഫ്റ്റില്‍ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഒരു ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവം വിവാദമായതോടെ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ആശുപത്രി പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരുടെ സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സസ്പെന്ഷന് നടപടി.