വീടിന്റെ ചുമർ തകർന്നുവീണ് അമ്മയും മകനും മരിച്ചു
Wednesday, July 17, 2024 1:19 AM IST
വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ഉറങ്ങുകയായിരുന്ന അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് പരേതനായ ശിവദാസന്റെ ഭാര്യ സുലോചന (54), മകൻ രഞ്ജിത്ത് (33) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ ആറരയോടെ ഓടിട്ട വീടിനുള്ളിൽ കിടപ്പുമുറിയിലെ കട്ടിലിൽ മണ്ണുമൂടി മരിച്ചനിലയിൽ രണ്ടുപേരെയും കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിക്കിടയ്ക്കുള്ള ചുമർ ഇടിഞ്ഞ് ഇവരുടെ ദേഹത്തു വീണുകിടക്കുന്ന നിലയിലായിരുന്നുവെന്ന് ആദ്യം സംഭവം കണ്ട അയൽവാസി ചന്ദ്രൻ പറഞ്ഞു.
അർധരാത്രിക്കുശേഷം എപ്പോഴെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. സമീപത്തു താമസിക്കുന്ന ഭർതൃസഹോദരൻ ഷൺമുഖനും അയൽവാസികളും വീട്ടിലെത്തി നോക്കിയപ്പോഴാണ് തകർന്നുവീണ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കണ്ടത്.
മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരം ഐവർമഠത്തിൽ സംസ്കരിച്ചു.