മരണം 380; കാണാമറയത്ത് 180 പേർ കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 380 ആയി. ഇന്നലെ നടന്ന തെരച്ചിലിൽ സൂചിപ്പാറയിൽ ഒരു മൃതദേഹം കണ്ടെത്തി. ചാലിയാറിൽനിന്ന് ഒരു മൃതദേഹവും 10 ശരീരഭാഗങ്ങളും ലഭിച്ചു. ഉരുൾവെള്ളമൊഴുകിയ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ തെരച്ചിലിൽ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. ദുരന്തഭൂമിയിൽനിന്നു ലഭിച്ചതിൽ തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ എട്ടെണ്ണം മേപ്പാടിക്കടുത്ത് പുത്തുമലയിൽ സംസ്കരിച്ചു.
ദുരന്തഭൂമിയിൽനിന്നു കാണാതായവർക്കുള്ള തെരച്ചിൽ വയനാട് ഭാഗത്ത് പുഞ്ചിരിമട്ടം, മുണ്ടക്കൈ, വെള്ളാർമല സ്കൂൾ പരിസരം, ചൂരൽമല ടൗണ്‍, വില്ലേജ് ഏരിയ, പുഴയുടെ താഴ്വാരം എന്നിവിടങ്ങളിലായാണ് നടന്നത്. 180 പേരെയാണ് കണ്ടെത്താനുള്ളത്.
ഉരുൾപൊട്ടലിൽ 221 മരണമാണ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 97 പുരുഷന്മാരും 87 സ്ത്രീകളും 37 കുട്ടികളും ഇതിലുൾപ്പെടും. 166 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 220 മൃതദേഹങ്ങളും 160 ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു. 71 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിനു കൈമാറി. 37 മൃതദേഹങ്ങൾ നിലന്പൂർ ഗവ.ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.