ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ‘സിഎം വിത്ത് മി’യുമായി സര്‍ക്കാര്‍
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ സംരംഭവുമായി സര്‍ക്കാര്‍.
‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ സി എം വിത്ത് മി എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റർ ആരംഭിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസണ്‍ കണക്ട് സെന്റർ പ്രവര്‍ത്തിക്കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുക, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ സംരംഭം.
ഇതിനു പുറമേ പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണനയില്‍ വരും.
പുതിയ സംരംഭത്തിലൂടെ ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജനസര്ക്കാര് ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.
പരിപാടിയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി പരിചയസമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. നവകേരളം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കും.
പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നല്‍കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ കെഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കും. തത്വത്തില്‍ അതിനായി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും മേല്‍നോട്ടത്തിനുമായി അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അവരെ അറിയിക്കാനും ഉള്ളടക്ക നിര്‍മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും. പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേല്‍നോട്ടം, ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവരപൊതുജന സമ്പര്‍ക്ക വകുപ്പിനെ ചുമതലപ്പെടുത്തി.