കെ.മുരളീധരൻ വടകരയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി
കെ.മുരളീധരൻ വടകരയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി
Tuesday, March 19, 2019 4:26 PM IST
ന്യൂഡൽഹി: ചർച്ചകൾക്കൊടുവിൽ കെ.മുരളീധരനെ വടകരയിൽ സ്ഥാനാർഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചു. നിരവധി ചർച്ചകൾക്കൊടുവിലാണ് മുരളീധരനെ സ്ഥാനാർഥിയാക്കിയത്. ഇതോടെ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർണമായി.

അവസാനം വരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ മത്സരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുതിർന്ന നേതാവ് തന്നെ വടകരയിൽ മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ഒടുവിൽ മുരളീധരന് സ്ഥാനാർഥിത്വം നൽകിയത്.

പ്രഖ്യാപനം വൈകിയ നാല് സീറ്റിൽ മൂന്നെണ്ണത്തിലും സ്ഥാനാർഥികളായിരുന്നെങ്കിലും വടകരയിൽ ആരെന്ന ചർച്ചകൾ ഡൽഹിയിലും കേരളത്തിലും സജീവമായിരുന്നു. വിദ്യാബാലകൃഷ്ണൻ, പ്രവീണ്‍കുമാർ തുടങ്ങി പുതുമുഖങ്ങളുടെ പേര് ഉയർന്നു വന്നെങ്കിലും ജയസാധ്യത എന്ന ഘടകത്തിൽ തട്ടി തെറിക്കുകയായിരുന്നു. ഒടുവിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന പേരിലേക്ക് ചർച്ച വീണ്ടും എത്തി.

മുസ്ലിം ലീഗും ചർച്ചയിൽ ഇടപെട്ടതോടെ മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദമേറി. എന്നാൽ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിൽ മുല്ലപ്പള്ളി നിന്നതോടെ എല്ലാ കണ്ണുകളും വി.എം.സുധീരനിലേക്ക് നീണ്ടു. മത്സരിക്കാൻ ഇല്ലെന്ന് സുധീരനും വ്യക്തമാക്കിയതോടെ നേതൃത്വം കുഴങ്ങി. വടകരയിൽ ജയസാധ്യത കുറഞ്ഞ സ്ഥാനാർഥി വന്നാൽ വടക്കൻ ജില്ലകളിലെ മറ്റ് മണ്ഡലങ്ങളെയും ഇത് ബാധിക്കുമെന്ന ഘട്ടത്തിലാണ് മുരളീധരനിലേക്ക് ചർച്ചകൾ വഴിമാറിയത്.


ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും വടകരയിൽ മത്സരിക്കണമെന്ന് മുരളീധരനോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ അദ്ദേഹം തയാറായില്ലെങ്കിലും സമ്മർദ്ദം ശക്തമായതോടെ പോരാട്ടത്തിനിറങ്ങാൻ സമ്മതം മൂളുകയായിരുന്നു.

തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുന്പോഴാണ് വാർത്ത എത്തിയത്. ഇതോടെ പ്രവർത്തകർ കണ്‍വൻഷനിൽ മുരളീധരന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം മുഴക്കി. നേതൃത്വം എവിടെ മത്സരിക്കണമെന്ന് പറഞ്ഞാലും തയാറാണെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.

വടകരയിൽ കൂടി ചിത്രം തെളിഞ്ഞതോടെ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പൂർണമായി. വയനാട്ടിൽ ടി.സിദ്ദിഖും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂർ പ്രകാശും ജനവിധി തേടും. സ്ഥാനാർഥികളുടെ ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.