തലമുറത്തർക്കം; രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷം
Monday, July 13, 2020 12:15 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിനുമേൽ കരിനിഴൽ വീഴ്ത്തി.
വിഷയം കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ സച്ചിൻ പൈലറ്റ് ഇന്നലെ ഡൽഹിയിലെത്തി. സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്ന 12 എംഎൽഎമാർ ഡൽഹിക്കടുത്ത് ഹരിയാനയിലെ മനേസറിലുള്ള പഞ്ച നക്ഷത്ര ഹോട്ടലായ ഐടിസി ഗ്രാൻഡ് ഭാരതിൽ താമസിക്കുന്നുണ്ട്.
തനിക്ക് 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും രാജസ്ഥാൻ സർക്കാർ ന്യൂനപക്ഷമായെന്നും സച്ചിൻ പൈലറ്റ് പറയുന്നു. ഇന്നത്തെ കോൺഗസ് നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും സച്ചിൻ പറഞ്ഞു.
മധ്യപ്രദേശിൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കുപോയ ജ്യോതിരാദിത്യ സിന്ധ്യ ഉയർത്തിയ അതേ വെല്ലുവിളിയുമായാണ് സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ നിന്ന് ഇന്നലെ ഡൽഹിയിലെത്തിയത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അസ്വാരസ്യം മൂർച്ഛിച്ചതോടെ ഡൽഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു ചർച്ച നടത്താനാണു വന്നതെങ്കിലും തലസ്ഥാനത്ത് ബിജെപി നേതാക്കളുമായും സച്ചിൻ പൈലറ്റ് ചർച്ച നടത്തിയെന്നാണു വിവരം.
രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് 107 എംഎൽഎമാരാണുള്ളത്. 12 സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. രാഷ്ട്രീയ ലോക് ദൾ, സിപിഎം, ഭാരതീയ ട്രൈബൽ പാർട്ടി തുടങ്ങിയവയുടെ അഞ്ച് എംഎൽഎമാരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു.
പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു വിഷയം പരിഹരിക്കാനായില്ലെങ്കിൽ മറ്റൊരു പാർട്ടി രൂപീകരിച്ചേക്കാം എന്നതല്ലാതെ സച്ചിൻ പൈലറ്റ് ബിജെപിയിലേക്കു പോയേക്കില്ലെന്നാണു മുതിർന്ന ചില കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞത്. സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ പുതിയൊരു പ്രാദേശിക പാർട്ടിയുമായി രംഗത്തുവരാനുള്ള സാധ്യതകളിലേക്കാണ് കൂടുതൽ പേരും വിരൽ ചൂണ്ടുന്നത്.
സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ചോദ്യം ചെയ്യാൻ വിളിച്ചതാണ് ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റിനെ ഒടുവിൽ പ്രകോപിപ്പിച്ചത്.
മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ പ്രത്യേക വാഗ്ദാനങ്ങൾ ഒന്നും തന്നെ ബിജെപി സച്ചിനു മുൻപിൽ വച്ചിട്ടില്ലെന്നാണു വിവരം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് 45 എംഎൽഎമാരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ബിജെപി സച്ചിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യാതെ മാറിനിൽക്കുന്നത്. മാത്രമല്ല, ബിജെപിയുടെ ആദ്യ പരിഗണന അശോക് ഗെഹ്ലോട്ട് സർക്കാരിനെ എങ്ങനെയെങ്കിലും താഴെയിടുക എന്നതു മാത്രമാണ്.
സെബി മാത്യു