നടൻ സുശാന്ത് സിംഗിന്റെ മരണം: സിബിഐക്ക് വിടാനുള്ള ശിപാർശ കേന്ദ്രം അംഗീകരിച്ചു
Wednesday, August 5, 2020 11:40 PM IST
ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ബിഹാർ സർക്കാരിന്റെ ശിപാർശ അംഗീകരിച്ചതായി കേന്ദ്ര സർക്കാർ.
പാറ്റ്നയിൽ രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രവർത്തി നൽകിയ ഹർജിയിൽ വാദം കേൾക്കവേ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ബിഹാർ പോലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിയ ചക്രവർത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം, സുശാന്ത് സിംഗുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനു റിയയ്ക്കുമേൽ സമ്മർദം ചെലുത്താൻ സുശാന്തിന്റെ ബന്ധുവായ ഐപിഎസ് ഓഫീസർ തന്നോടാവശ്യപ്പെട്ടുവെന്ന് മുംബൈ പോലീസ് ഡിസിപി പരംജിത് സിംഗ് ദഹിയ പറഞ്ഞു. സുശാന്തിന്റെ സഹോദരീഭർത്താവായ ഹരിയാനയിലെ ഐപിഎസ് ഓഫീസറാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഡിസിപി വെളിപ്പെടുത്തിയത്.