രക്ഷാപ്രവർത്തനത്തിനു പതിനൊന്നു സംഘങ്ങൾ
Sunday, October 17, 2021 11:38 PM IST
ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനയിൽനിന്നുമുള്ള പതിനൊന്നു സംഘങ്ങളാണു കേരളത്തിന്റെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് കേന്ദ്രസർക്കാർ പ്രതിനിധികൾ അറിയിച്ചു. ഇവർക്കു പുറമേ നാവികസേനയിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്.
സതേണ്‍ എയർ കമൻഡാന്റിന്റെ കീഴിലുള്ള എല്ലാ താവളങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിനു പിന്നാലെ പാങ്ങോട് സൈനിക കേന്ദ്രത്തിൽനിന്ന് 30 പേരടങ്ങുന്ന സൈനികരുടെ സംഘത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചു.
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അറബിക്കടലിൽ കേരളതീരത്തിനു തെക്കുകിഴക്കായി രൂപപ്പെട്ട ന്യൂനമർദമാണ് ശക്തമായ മഴയ്ക്കു കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണ്ടെത്തൽ. സംസ്ഥാനത്തു പലയിടങ്ങളിലായി ഏറിയും കുറഞ്ഞുമുള്ള മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.