പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച അദ്ദേഹം അപകടത്തിന്റെ വിശദാംശങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു. അപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് ബാലസോർ വഴിയുള്ള 48 സര്‍വീസുകള്‍ റദ്ദാക്കി. 39 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാനുഷികമായ പിഴവോ സിഗ്നൽ തകരാറോ മറ്റെന്തെങ്കിലുമോ ആകാം എന്നതരത്തിൽ അവ്യക്തമായ നിഗമനങ്ങളാണ് റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്.
പ്രധാന പാതയിലേക്കു പ്രവേശിക്കാനുള്ള സന്ദേശം കോറമാണ്ഡൽ എക്സ്പ്രസിനു ലഭിച്ചിരുന്നുവെങ്കിലും ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടിരുന്ന ലൂപ് ട്രാക്കിലേക്കാണ് ട്രെയിൻ ഓടിക്കയറിയത്. അതിവേഗത്തിലെത്തിയ ട്രെയിനിന്റെ 17 കോച്ചുകൾ പാളംതെറ്റി. ഇതിൽ ഏഴെണ്ണം തൊട്ടടുത്ത ട്രാക്കിലേക്കു തെന്നിനീങ്ങി. ഏതാനും സമയത്തിനുശേഷം ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നുമാണ് നിഗമനം.
കോറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റിയ ശേഷമാണോ, അതല്ല നേരിട്ട് ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നോ എന്നതിൽ റെയിൽവേയുടെ പ്രാഥമിക അന്വേഷണവും വ്യക്തമായ നിഗമനത്തിലെത്തുന്നില്ല.
നാലു ട്രാക്കുകളിലായി മൂന്ന് ട്രെയിനുകള്‍ നിമിഷനേരംകൊണ്ട് അപകടത്തില്‍പ്പെട്ടു എന്നതിൽ മാത്രമാണു വ്യക്തത. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നു റെയില്‍വേ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമിതാഭ് ശര്‍മ പറഞ്ഞു.