രാഷ്ട്രപതിയുടെ അധികാരം ഗവർണർമാർക്കില്ല : സുപ്രീംകോടതി
Saturday, December 2, 2023 2:10 AM IST
ന്യൂഡൽഹി: രാഷ്ട്രപതി നിയമിക്കുന്ന ഗവർണർക്ക് രാഷ്ട്രപതിയുടെ വിപുലമായ അധികാരമില്ലെന്ന് സുപ്രീംകോടതി. ഗവർണർ ആർ.എൻ. രവിക്കെതിരേ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
നിയമസഭ രണ്ടാമത് അയച്ച ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയയ്ക്കാമോ എന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകാരം നൽകാതെ ഏറെക്കാലം പിടിച്ചുവച്ച് ഇല്ലാതാക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുക്കപ്പെട്ട പദവിയിലുള്ള ആളാണ്. എന്നാൽ, ഗവർണർ അങ്ങനെയല്ല. കേന്ദ്രസർക്കാരിന്റെ ശിപാർശയിൽ രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രപതിയുടെ വിപുലമായ അധികാരം ഗവർണർമാർക്കില്ലെന്ന് കോടതി പറഞ്ഞു.
വലിയ ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളാണ് ഗവർണർ. അതിനാൽ, തത്കാലം ഉത്തരവ് ഇറക്കുന്നില്ല. പ്രശ്നപരിഹാരത്തിനുള്ള നീക്കം ഗവർണർ നടത്തണമെന്നും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരം കണ്ടെത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുന്പ് പ്രശ്നം പരിഹരിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നിയമസഭ വീണ്ടും പാസാക്കിയ പത്തു ബില്ലുകളും ഗവർണർ ആർ.എൻ. രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണറുടെ നടപടിക്കെതിരേ ഡിഎംകെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആർ.എൻ. രവിയുടെ നീക്കം.