ചോദ്യത്തിനു കോഴ വിവാദം; മഹുവ പുറത്ത്
Saturday, December 9, 2023 1:34 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: ചോദ്യത്തിനു കോഴ വിവാദത്തിൽപ്പെട്ട തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാർലമെന്റിൽനിന്നു പുറത്താക്കി. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്മേലാണു പുറത്താക്കൽ നടപടി.
പാർലമെന്റ് ലോഗിൻ ഐഡി, വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവച്ചെന്നാണ് ആരോപണം. ഇതിനായി മഹുവ രണ്ടു കോടി രൂപയും മറ്റു പാരിതോഷികങ്ങളും സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം സ്പീക്കർ ഓം ബിർലയാണ് മഹുവയെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ലോക്സഭാ എംപിക്കു ചേരാത്ത രീതിയിൽ അധാർമികമായും അപമര്യാദയോടെയും മഹുവ പെരുമാറിയതായി സ്പീക്കർ നിരീക്ഷിച്ചു.
മഹുവയ്ക്കെതിരേയുള്ള 500 പേജുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്നലെ രാവിലെയാണു പാർലമെന്റിന്റെ മേശപ്പുറത്തു വച്ചത്. ഇതോടെ പ്രതിപക്ഷവും തൃണമൂൽ കോണ്ഗ്രസ് അംഗങ്ങളും സഭയിൽ ബഹളം വച്ചു. തുടർന്ന് സഭ പിരിഞ്ഞു.
റിപ്പോർട്ടിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സഭ സമ്മേളിച്ചപ്പോൾ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. റിപ്പോർട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പഠിക്കാൻ 48 മണിക്കൂർ സമയം അനുവദിക്കണമെന്ന് തൃണമൂൽ എംപി കല്യാണ് ബാനർജി സ്പീക്കറോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് പഠിക്കാൻ നാലു ദിവസം ആവശ്യമാണെന്ന് കോണ്ഗ്രസിന്റെ ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
എന്നാൽ, സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിനായി ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.
ചർച്ചയിൽ പങ്കെടുക്കാൻ മഹുവയ്ക്ക് സ്പീക്കർ അവസരം നൽകിയില്ല. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മഹുവയ്ക്കെതിരായ റിപ്പോർട്ട് നാലിനെതിരേ ആറു വോട്ടുകൾക്കാണ് നവംബർ ഒന്പതിന് ലോക്സഭാ എത്തിക്സ് കമ്മിറ്റി പാസാക്കിയത്. എത്തിക്സ് കമ്മിറ്റിയിൽനിന്ന് കോണ്ഗ്രസ് അംഗം അധീർ രഞ്ജൻ ചൗധരി വിട്ടുനിന്നിരുന്നു.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനി ഗ്രൂപ്പിനുമെതിരേ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്നു കോഴ വാങ്ങിയെന്നും പാർലമെന്ററി യൂസർ ഐഡി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവച്ചെന്നും മഹുവയ്ക്കെതിരേ ബിജെപി അംഗം നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്.
"എത്തിക്സ് കമ്മിറ്റി എല്ലാ ചട്ടങ്ങളും ലംഘിച്ചാണു എന്നെ പുറത്താക്കാനുള്ള ശിപാർശ നൽകിയത്. എന്നെ വേട്ടയാടാൻ നാളെ സിബിഐ വീട്ടിലെത്തും. എന്നെ നിശബ്ദയാക്കാനാണ് എത്തിക്സ് കമ്മിറ്റിയുടെയും ബിജെപിയുടെയും ശ്രമം. അതു നടക്കില്ല. രണ്ടു സ്വകാര്യ വ്യക്തികളെ മാത്രം ആസ്പദമാക്കിയുള്ളതാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. ഈ വ്യക്തികളുടെ വാദങ്ങൾ പരസ്പരവിരുദ്ധവുമാണ്. അദാനിക്കെതിരേ നിരന്തരം ശബ്ദിച്ചതാണു എന്റെ പുറത്താക്കലിൽ കലാശിച്ചത്. ബിജെപിക്കെതിരേ ഇനി നിശബ്ദയായിരിക്കില്ല.
-മഹുവ മൊയ്ത്ര
യുദ്ധത്തിൽ മഹുവ ജയിക്കും: മമത
മഹുവയെ പുറത്താക്കിയത് അംഗീകരിക്കാനാകില്ലെന്നും ബിജെപിയുടെ രാഷ്ട്രീയവൈരം ജനാധിപത്യത്തെ കൊല്ലുമെന്നും തൃണമൂൽ കോണ്ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പറഞ്ഞു. മഹുവ യുദ്ധത്തിൽ ജയിക്കും, ജനങ്ങൾ നീതി നൽകും. ബിജെപി അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെടും - മമത പ്രതികരിച്ചു.
മഹുവയ്ക്കൊപ്പം നിലകൊണ്ട ഇന്ത്യ സഖ്യത്തിന് നന്ദി പറയുന്നതായും മമത പറഞ്ഞു.