ലോക്സഭാ തെരഞ്ഞെടുപ്പ് ആറ് ഘട്ടം
Sunday, February 25, 2024 1:01 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ, മേയ് മാസങ്ങളിലായി ആറു ഘട്ടങ്ങളിലായി നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ ആലോചന. സ്കൂൾ, കോളജ് പരീക്ഷകളും ഓരോ സംസ്ഥാനത്തെയും ആഘോഷദിവസങ്ങളും കണക്കിലെടുത്താകും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പോളിംഗ് തീയതി നിശ്ചയിക്കുക.
വോട്ടെടുപ്പു തീയതികളും നിലവിലെ പരീക്ഷാ തീയതികളും ഒന്നിച്ചുവരികയാണെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്സിയുടെ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളുടെ തീയതി മാറ്റിയേക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അറിയിച്ചു.
കേരളമടക്കമുള്ള കാര്യമായ സുരക്ഷാപ്രശ്നങ്ങളില്ലാത്ത ചെറിയ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ഒറ്റ ദിവസംകൊണ്ടു പൂർത്തിയാക്കും. എന്നാൽ യുപി, ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വിവിധ ഘട്ടങ്ങളിലായി പോളിംഗ് പൂർത്തിയാക്കാനാണു കമ്മീഷൻ തയാറെടുക്കുന്നത്.
പോലീസും അർധസൈനിക വിഭാഗങ്ങളും അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രമീകരണങ്ങൾ, വോട്ടെടുപ്പിനുള്ള യന്ത്രങ്ങൾ, വിവിപാറ്റ് മെഷീനുകൾ എന്നിവയുടെയെല്ലാം ലഭ്യത ഉറപ്പാക്കിയാകും ഓരോ സംസ്ഥാനത്തെയും പോളിംഗ് തീയതി നിശ്ചയിക്കുക. വോട്ടെടുപ്പ് പൂർത്തിയാക്കിയശേഷം മൂന്നാം ദിവസമാകും രാജ്യത്തൊട്ടാകെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തുക.
മേയ് മാസത്തിൽത്തന്നെ പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കാനാകും ശ്രമം. നിയമസഭയുടെ കാലാവധി അവസാനിക്കുന്ന ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽപ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പിനോടൊപ്പം നടക്കും.
ആ സന്ദേശം വ്യാജം
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനവും വോട്ടെടുപ്പു തീയതിയും ഉൾപ്പെടെ തെരഞ്ഞെടുപ്പു കമ്മീഷന്റേതായി വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പത്രസമ്മേളനം വിളിച്ചാകും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയെന്നും കമ്മീഷൻ അറിയിച്ചു. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിവരികയാണ്.