ബജറ്റ് പാസായി; ഹിമാചലിൽ തത്കാലം പ്രതിസന്ധിയില്ല
Thursday, February 29, 2024 2:28 AM IST
സിംല/ന്യൂഡൽഹി: ബിജെപിയുടെ കെണിയിൽ വീണ് ഏതാനും എംഎൽഎമാർ മറുകണ്ടം ചാടിയതോടെ പ്രതിസന്ധിയിലായ ഹിമാചൽപ്രദേശ് സർക്കാരിനു ബജറ്റ് പാസാക്കാനായത് ആശ്വാസമായി.
സർക്കാരിനെ രക്ഷിക്കാൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാർ, ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരെ നിരീക്ഷകരായി ഹിമാചലിലേക്ക് അയച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഏക കോൺഗ്രസ് സർക്കാരിനെ നിലനിർത്തുകയാണു കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം.
പ്രതിപക്ഷനേതാവ് ജയ്റാം ഠാക്കൂർ ഉൾപ്പെടെ 15 ബിജെപി എംഎൽഎമാരെ സ്പീക്കർ നിയമസഭയിൽനിന്നു സസ്പെൻഡ് ചെയ്തശേഷമാണ് ബജറ്റ് പാസാക്കിയത്. സഭയിൽ ബഹളമുണ്ടാക്കിയതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. ബിജെപി എംഎൽഎമാർ സഭ വിട്ടുപോകാൻ വിസമ്മതിച്ചു.
തുടർന്ന് ഉച്ചയ്ക്ക് 12 വരെ സഭ നിർത്തിവച്ചു. പിന്നീട് ബജറ്റ് ശബ്ദവോട്ടോടെ പാസാക്കി. ബജറ്റിൽ വോട്ടെടുപ്പ് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ഇന്നലെ ഉച്ചകഴിഞ്ഞ് ബിജെപി അംഗങ്ങളുടെ അഭാവത്തിൽ ധന ബില്ലും പാസാക്കി സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതിനെത്തുടർന്നാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 40 അംഗങ്ങളുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി രാജ്യസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറു കോൺഗ്രസ് എംഎൽഎമാരും മൂന്നു സ്വതന്ത്ര എംഎൽഎമാരും ഇന്നലെ സഭയിലെത്തി. ഹരിയാനയിലെ പഞ്ച്കുളയിൽനിന്ന് ഹെലികോപ്റ്ററിലാണ് ഇവർ തിരികെയെത്തിയത്. ഒന്പത് എംഎൽഎമാർ സഭയിലെത്തിയപ്പോൾ ബിജെപി അംഗങ്ങൾ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു. ഭൂരിപക്ഷം നഷ്ടമായ സുഖ്വിന്ദർ സിംഗ് രാജിവയ്ക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. 68 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 35 പേരുടെ പിന്തുണയാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കും ലഭിച്ചത് 34 വോട്ടായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ ഹർഷ് മഹാജൻ വിജയിച്ചത്. ക്രോസ് വോട്ട് ചെയ്ത ആറ് എംഎൽഎമാർക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം കോൺഗ്രസ് നടപടികളാരംഭിച്ചു. ബജറ്റിന്റെ വോട്ടിംഗിനിടെ സഭയിൽ ഹാജരാകണമെന്ന വിപ്പ് എംഎൽഎമാർ ലംഘിച്ചിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമാകില്ല.
അതേസമയം, ഇന്നലെ രാവിലെ രാജി പ്രഖ്യാപിച്ച ഹിമാചൽ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് മണിക്കൂറുകൾക്കകം രാജി തീരുമാനം മാറ്റി. പാർട്ടി എല്ലാറ്റിലും വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാചലിലെ സ്ഥിതിഗതികളെക്കുറിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടും സംസാരിച്ചെന്നും, പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിലാണെന്നും നേരത്തേ വിക്രമാദിത്യ വ്യക്തമാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ.
ഇരുപതോളം കോൺഗ്രസ് എംഎൽഎമാർ സുഖുവിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നുവെന്നാണു റിപ്പോർട്ട്. അതേസമയം, താൻ രാജിവയ്ക്കില്ലെന്നു സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു. “ഞാൻ ഒരു പോരാളിയാണ്. എളിയ കുടുംബത്തിൽനിന്നുള്ളയാളാണ്. ഈ പോരാട്ടം ഞങ്ങൾ വിജയിക്കും. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും. എന്റെ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കും”-സുഖു കൂട്ടിച്ചേർത്തു.
വിമത കോൺഗ്രസ് എംഎൽഎമാർ വീണ്ടും ഹരിയാനയിലേക്കു പോയി
സിംല: ഹിമാചൽപ്രദേശിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാർ ഇന്നലെ വീണ്ടും ഹരിയാനയിലേക്കു പോയി. സ്പീക്കർ കുൽദീപ് സിംഗ് പതാനിയയ്ക്കു മുന്പാകെ ഇന്നലെ എംഎൽഎമാർ ഹാജരായിരുന്നു.
കൂറുമാറ്റ നിരോധന നിയമപ്രകാരം പരാതിയുടെ വാദത്തിനായിരുന്നു സ്പീക്കറെ എംഎൽഎമാർ കണ്ടത്. രജീന്ദർ റാണ, സുധീർ ശർമ, രവി ഠാക്കൂർ, ഇന്ദർ ഗത്ത് ലഖൻപാൽ, ചേതന്യ ശർമ, ദിവേന്ദർ കുമാർ എന്നിവരാണ് ക്രോസ് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാർ. ഇന്നലെ നിയമസഭയിലെത്തിയ എംഎൽഎമാർ, കോൺഗ്രസ് നിരീക്ഷകർ എത്തും മുന്പേ ഹരിയാനയിലേക്കു പോയി.