ബംഗളൂരുവിൽ സ്ഫോടനം; 10 പേർക്ക് പരിക്ക്
Saturday, March 2, 2024 12:54 AM IST
ബംഗളൂരു: ബംഗളൂരുവിലെ കുന്ദലഹള്ളിയിൽ പ്രശസ്തമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റു. ഭക്ഷണംകഴിക്കാനെത്തിയ എട്ടു പേർക്കും രണ്ടു ജീവനക്കാർക്കുമാണു പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ഇവർ.
തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പറഞ്ഞു. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന അഭ്യർഥനയും മുഖ്യമന്ത്രി നടത്തി. തീവ്രത കുറഞ്ഞ ബോംബ് സ്ഫോടനമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര് പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നോടെയായിരു ന്നു സ്ഫോടനം. 12ഒാടെ 28നും 30നും ഇടയിൽ പ്രായമുള്ള യുവാവ് ബാഗുമായി കഫേയിലെത്തിയിരുന്നു. കൗണ്ടറിൽനിന്ന് റവ ഇഡലി വാങ്ങിയശേഷം കഫേയുടെ സമീപത്തെ ഒരു മരത്തിൽ ഇയാൾ ബാഗ് തൂക്കിയിടുകയായിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് സ്ഫോടനമുണ്ടായത്-ഉപമുഖ്യമന്ത്രി പറഞ്ഞു.
ബാഗുമായി യുവാവ് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥലത്ത് പ്രാഥമിക പരിശോധ നടത്തി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. ഭക്ഷണശാലയിൽ ആളുകൾക്കു കൈകഴുകാൻ സജ്ജീകരിച്ച സ്ഥലത്തോടു ചേർന്നാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികളും വിശദീകരിച്ചു.
പാചകവാതകം ചോർന്നു തീപിടിത്തമുണ്ടായെന്ന് ഇന്നലെ ഉച്ചയ്ക്ക് 1.08 ന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് എത്തിയപ്പോൾ തീപിടിത്തത്തിന്റെ ലക്ഷണങ്ങളോ പുകയോ ദൃശ്യമായിരുന്നില്ലെന്ന് അഗ്നി രക്ഷാസേന ഡയറക്ടർ ടി.എൻ. ശിവശങ്കർ പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ കസേരയ്ക്കു സമീപമാണ് ബാഗ് കണ്ടെത്തിയത്. ഇവർക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎപിഎ നിയമപ്രകാരമാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നതെന്നു പോലീസ് അറിയിച്ചു. എട്ട് അന്വേഷണസംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ബംഗളൂരു നഗരത്തിലെന്പാടും കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ പ്രതികളെ ഉടൻ നിയമത്തിനു മുന്നിലെത്തിക്കാമെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി.