കോൺഗ്രസ് നഗരസഭാംഗത്തിന്റെ മകളെ കോളജ് കാന്പസിൽ കുത്തിക്കൊന്നു
Friday, April 19, 2024 1:11 AM IST
ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയിൽ കോൺഗ്രസ് നഗരസഭാംഗം നിരഞ്ജന്റെ മകളെ സുഹൃത്ത് കുത്തിക്കൊന്നു. നേഹ (23) ആണ് ബിവിബി കോളജ് കാന്പസിൽ കൊല്ലപ്പെട്ടത്.
ഒന്നാം വർഷ എംസിഎ വിദ്യാർഥിനിയാണു നേഹ. സുഹൃത്തായ ഫയാസ് (23) ആണ് നേഹയെ കൊലപ്പെടുത്തിയത്. ഇയാൾ എംസിഎ പഠനം ഇടയ്ക്കുവച്ചു നിർത്തിയ ആളാണ്. ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബിസിഎ കോഴ്സിൽ നേഹയും ഫയാസും സഹപാഠികളായിരുന്നു. കത്തിയുമായി കാന്പസിലെത്തിയ ഫയാസ് നേഹയെ ആറു തവണ കുത്തി. ആക്രമണത്തിനിടെ ഫയാസിനും പരിക്കേറ്റു. നേഹ തന്നെ ഒഴിവാക്കുന്നതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നു ഫയാസ് പോലീസിനോടു പറഞ്ഞു.