കേജരിവാളിന്റെ ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടറെ ആവശ്യമുണ്ട്
സ്വന്തം ലേഖകൻ
Monday, April 22, 2024 1:24 AM IST
ന്യൂഡൽഹി: തിഹാർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ചികിത്സയ്ക്ക് മുതിർന്ന ഡോക്ടറെ ആവശ്യപ്പെട്ട് ജയിൽ ഡയറക്ടർ ജനറൽ നൽകിയ കത്ത് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പുറത്തുവിട്ടു.
കേജരിവാളിന്റെ ചികിത്സയ്ക്ക് ജയിലിൽ എല്ലാവിധ സൗകര്യവുമുണ്ടെന്ന് ജയിലധികൃതർ പറയുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭരദ്വാജ് കത്ത് പുറത്തുവിട്ടത്. കേജരിവാളിന്റെ ചികിത്സയ്ക്ക് എയിംസിൽനിന്ന് സീനിയർ ഡയബറ്റോളജിസ്റ്റിനെ ഏർപ്പാടാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയിൽ പ്രിസണ്‍സ് ഡയറക്ടർ ജനറൽ സഞ്ജയ് ബനിവാൾ ശനിയാഴ്ച എയിംസ് ഡയറക്ടർക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സൗകര്യവും ജയിലിൽ ഉണ്ടെന്നായിരുന്നു ജയിലധികൃതരുടെ വാദം. ഈ വാദം തെറ്റാണെന്നും കേജരിവാളിന് കൃത്യമായ ചികിത്സ നൽകാതെ അദ്ദേഹത്തെ ഇല്ലാതാക്കാനാണ് ജയിലധികൃതരും കേന്ദ്രസർക്കാരും ശ്രമിക്കുന്നതെന്നും കത്ത് പുറത്തുവിട്ടുകൊണ്ട് ഭരദ്വാജ് ആരോപിച്ചു.
ജയിലധികൃതരുടെ നടപടിക്കെതിരേ ആംആദ്മി നേതാക്കൾ നേരത്തേ രംഗത്തുവന്നിരുന്നു. ടൈപ്പ് 2 പ്രമേഹരോഗിയായ കേജരിവാളിന് ഇൻസുലിൻ നൽകാൻ ജയിലധികൃതർ വിസമ്മതിക്കുന്നതായി ഡൽഹി മന്ത്രി അതിഷി മാർലേന ആരോപിച്ചു.
അതേസമയം, കേജരിവാളിനെ അദ്ദേഹത്തിന്റെ ഭാര്യ സുനിതയുടെ ആവശ്യപ്രകാരം എയിംസിലെ സീനിയർ ഡോക്ടർ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ കണ്ട് പരിശോധിച്ചതായി ജയിലധികൃതർ വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കുശേഷം ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടർ കേജരിവാളിനെ അറിയിച്ചതായും നിർദേശിച്ച മരുന്നുകൾ തുടരാൻ ആവശ്യപ്പെട്ടതായും അധികൃതർ പറഞ്ഞു.