"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
Thursday, April 25, 2024 1:49 AM IST
സനു സിറിയക്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായി അധികാരമുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനം നിയന്ത്രിക്കാനാകില്ലെന്നും സുപ്രീംകോടതി.
വിവിപാറ്റിലെ എല്ലാ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ഇവിഎമ്മിൽ കൃത്രിമം നടത്തുന്നതിനു തെളിവുകളില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ നിർദേശം നൽകാൻ സാധിക്കില്ലെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഉന്നയിച്ച ആശങ്കകളോടാണു കോടതിയുടെ ഈ പ്രതികരണം. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് കോടതി വിശദീകരണം തേടിയിരുന്നു. ഒരു സാഹചര്യത്തിലും വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്താൻ സാധിക്കില്ലെന്നും നൂറു ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുകയെന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
കണ്ട്രോൾ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയടങ്ങിയതാണു വോട്ടിംഗ് മെഷീൻ. ഇവ മൂന്നിനും സ്വന്തമായ മൈക്രോ കണ്ട്രോളർ ഉണ്ട്. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ പ്രോഗ്രാം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും റീപ്രോഗ്രാം ചെയ്യാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എന്നാൽ, റീപ്രോഗ്രാം ചെയ്യാൻ സാധിക്കില്ലെന്നു പറയുന്നതു തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടിയെങ്കിലും കമ്മീഷന്റെ സാങ്കേതിക റിപ്പോർട്ടിൽ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു.