കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
Saturday, May 18, 2024 3:05 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടിയെയും മുഖ്യമന്ത്രി കേജരിവാളിനെയും പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഡൽഹി കോടതിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു. ഇഡി സമർപ്പിച്ച ഏഴാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് ആംആദ്മി പാർട്ടിയെയും മദ്യനയക്കേസിൽ പ്രതിചേർത്തിരിക്കുന്നത്.
ആംആദ്മി പാർട്ടിയും മദ്യനയക്കേസിൽ പ്രതിയാണെന്ന് കേജരിവാളിനെ കുറ്റവിമുക്തനാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ വാദം നടക്കവേ ഇഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഡൽഹി മദ്യനയക്കേസിന്റെ മുഖ്യസൂത്രധാരൻ അരവിന്ദ് കേജരിവാളാണെന്നും 100 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നും ഇഡി ആരോപിക്കുന്നു. 12 ശതമാനം ലാഭത്തിന് മദ്യത്തിന്റെ മൊത്തവിതരണം സ്വകാര്യ കന്പനിയെ ഏൽപ്പിക്കുന്ന വ്യവസ്ഥയോടെയാണ് 2021-22 വർഷത്തെ മദ്യനയം നടപ്പിലാക്കിയത്.
കാബിനറ്റ് മീറ്റിംഗിന്റെ മിനുട്സിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. വിജയ് നായരും സൗത്ത് ഗ്രൂപ്പുമാണ് ഇതിലെ ഇടനിലക്കാരെന്ന് ഇഡി പറയുന്നു. സൗത്ത് ഗ്രൂപ്പിന്റെ ഉടമകളിൽ ഒരാളായ ബിആർഎസ് നേതാവ് കെ. കവിത ഇഡിയുടെ അറസ്റ്റിലായി തിഹാർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിലാണ്. കവിതയ്ക്കെതിരേ സിബിഐയും അന്വേഷണം നടത്തുന്നുണ്ട്.