ഡൽഹിയിൽ അത്യുഷ്ണം; ജലവിതരണം പ്രതിസന്ധിയിൽ
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: ഡൽഹിയിലെ പല ഭാഗങ്ങളിലും ഇന്നലെ 50 ഡിഗ്രി സെൽഷസ് ചൂട് രേഖപ്പെടുത്തി. ചൂട് ഉയരുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലായതായി മന്ത്രി അതിഷി മർലേന പറഞ്ഞു. വെള്ളം അമിതമായി പാഴാക്കുന്നവരിൽനിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.
ഹരിയാന സർക്കാർ ഡൽഹിയിലേക്കുള്ള ജലവിതരണം നിർത്തിവച്ചതും യമുന നദിയിലെ ജലനിരപ്പിലുണ്ടായ വ്യത്യാസവുമാണ് പ്രതിസന്ധിക്കു കാരണം. ഹരിയാന സർക്കാർ വെള്ളം വിട്ടുനൽകിയില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.
വെള്ളം അനാവശ്യമായി പാഴാക്കുന്നതു തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന അനധികൃത കണക്ഷനുകൾ വിച്ഛേദിക്കും. കൂടാതെ പൈപ്പ് വെള്ളം ഉപയോഗിച്ചു കാർ കഴുകുന്നവർക്കെതിരേ പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡൽഹിയിൽ റെഡ് അലർട്ട് തുടരുകയാണ്.