വീണും കയറിയും ഓഹരിവിപണി ഹിൻഡൻബർഗ് വെളിപ്പെടുത്തലിന്റെ പിന്നാലെ ഇന്നലെ മന്ദഗതിയിൽ തുടങ്ങിയ ഓഹരിവിപണി ഇന്നലെ അവസാനിച്ചപ്പോൾ തിരിച്ചു കയറി. വ്യാപാരത്തിന്റെ തുടക്കത്തിൽ 0.35 ശതമാനം വരെ ഇടിഞ്ഞ ദേശീയ ഓഹരിസൂചികയായ എൻഎസ്ഇയും നിഫ്റ്റിയും പിന്നീട് നേട്ടത്തിലേക്ക് ഉയർന്നു. ഇന്നലെ തുടക്കത്തിൽ അദാനി ഓഹരികൾ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തി.
അരാജകത്വത്തിനു ശ്രമമെന്ന് ബിജെപി സാന്പത്തിക അരാജകത്വവും ഇന്ത്യക്കെതിരായ വിദ്വേഷവും സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. സുരക്ഷിതത്വവും സ്ഥിരതയും വാഗ്ദാനം ചെയ്യുന്ന വിപണിയാണ് ഇന്ത്യയിലേത്.
എന്നാൽ, ഇതിൽ അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മൂന്നാം തവണയും തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു ശേഷം ഇന്ത്യൻ സന്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും നടത്തുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ജെപിസി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അന്വേഷണത്തിനു തയാറാകുന്നില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് പ്രതികരിച്ചു.
ഇത്ര വലിയ ആരോപണമുണ്ടായിട്ടും മാധബി പുരി ബൂച്ചി അതേ പദവിയിൽ തുടരുന്നതിൽ അദ്ഭുതമാണ്. പതിനായിരക്കണക്കിന് ആളുകളുടെ ഓഹരിയാണ് പ്രതിസന്ധിയിലായത്. ജോയിന്റ് പാർലമെന്ററി കമ്മിറ്റിയെ സർക്കാർ എന്തിനാണു ഭയപ്പെടുന്നതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.