ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ പ്രഥമ സ്ഥാപകദിനാചരണം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനായി കഴിഞ്ഞ വർഷം ആരംഭിച്ചതാണ് സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ.
പ്രമുഖ ബാങ്കുകൾ, സാന്പത്തിക ഇടനിലക്കാർ, പേമെന്റ് അഗ്രഗേറ്റർമാർ, ടെലികോം സേവനദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാനങ്ങളുടെ നിയമനിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ സെന്ററിലുണ്ട്.
സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്ററും (സിഎഫ്എംസി) സംയുക്ത സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഫെസിലിറ്റേഷൻ സംവിധാനമായ സമന്വയ പ്ലാറ്റ്ഫോമും ചടങ്ങിൽ അമിത് ഷാ രാജ്യത്തിനു സമർപ്പിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ, ഡാറ്റ പങ്കിടൽ, ക്രൈം മാപ്പിംഗ്, ഡാറ്റ അനലിറ്റിക്സ്, സഹകരണം, രാജ്യത്തുടനീളമുള്ള നിയമനിർവഹണ സംവിധാനങ്ങൾക്കുള്ള ഏകോപന പ്ലാറ്റ്ഫോം എന്നിവയുടെ വിവര ശേഖരണത്തിനായുള്ള വെബ് അധിഷ്ഠിത മൊഡ്യൂളാണ് സമന്വയ പോർട്ടൽ.
സാങ്കേതികവിദ്യ അനുഗ്രഹമാണെങ്കിലും സാന്പത്തിക ആവശ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സാങ്കേതികവിദ്യയിൽനിന്നുള്ള ഭീഷണിയുമുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാൽ ഡിജിറ്റൽ ലോകത്ത് പരിമിതപ്പെടുന്നതല്ല സൈബർ സുരക്ഷ. ദേശസുരക്ഷയുടെ നിർണായക വശംകൂടിയാണിത്. സൈബർ സുരക്ഷയില്ലാതെ ദേശസുരക്ഷ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.