അധ്യക്ഷനും അംഗങ്ങളുമില്ല, ദേശീയ ന്യൂനപക്ഷ കമ്മീഷൻ നോക്കുകുത്തി
Sunday, July 20, 2025 2:33 AM IST
ന്യൂഡൽഹി: അഞ്ചു വർഷമായി ക്രൈസ്തവ അംഗമില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ കമ്മീഷനിലെ അഞ്ച് അംഗങ്ങൾ വിരമിച്ചതോടെ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി അർധ ജുഡീഷൽ അധികാരങ്ങളോടെ രൂപം നൽകിയ കമ്മീഷൻ ഫലത്തിൽ പ്രവർത്തനരഹിതമായി.
അധ്യക്ഷനും ഉപാധ്യക്ഷനും അടക്കമുള്ള ഏഴംഗ കമ്മീഷനിലെ എല്ലാ സീറ്റും ഒഴിഞ്ഞതോടെ ന്യൂനപക്ഷ കമ്മീഷൻ അനാഥമായി. ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനായി 2004ൽ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിട്ടു വർഷങ്ങളായി.
ആറ് അംഗങ്ങളുടെ ഒഴിവുകളിൽ നിയമനമില്ല
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ അഞ്ചു വർഷം മുന്പ് 2020 മാർച്ച് 31ന് വിരമിച്ചശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ക്രൈസ്തവ പ്രാതിനിധ്യം പൂർണമായി ഇല്ലാതായിരുന്നു.
2017 മേയിലാണു ജോർജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായി നിയമിച്ചത്. ചെയർമാന്റെയും ഉപാധ്യക്ഷന്റെയും അടക്കം ആറ് അംഗങ്ങളുടെ ഒഴിവുകളിൽ ഇതുവരെ പുതിയ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല.
ക്രൈസ്തവ അംഗത്തെ അഞ്ചു വർഷത്തിലേറെയായി നിയമിക്കാതിരുന്നതുമൂലം കഴിഞ്ഞ കമ്മീഷനിൽ ആകെ ആറു പേരാണുണ്ടായിരുന്നത്. ഇവരെല്ലാം മൂന്നുവർഷ കാലാവധി പൂർത്തിയാക്കി വിരമിച്ചതോടെ നിലവിൽ കമ്മീഷനിൽ ഒരംഗംപോലുമില്ലാതായി. 2017ൽ ചെയർപേഴ്സണും നിരവധി അംഗങ്ങളും ഇല്ലാതെ മാസങ്ങളോളം തുടർന്നിരുന്നു. ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുകൾ നികത്തണമെന്ന് 2021ൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോടു ആവശ്യപ്പെട്ടശേഷമാണു പിന്നീട് നിയമനം നടത്തിയത്.
1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം ആറ് ന്യൂനപക്ഷ സമുദായങ്ങളിൽനിന്ന് ഓരോ അംഗത്തെ നിയമിക്കേണ്ടതുണ്ട്.
മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാർസി, ജൈന സമുദായങ്ങളിൽനിന്ന് ഓരോരുത്തരും ഹിന്ദു ഉൾപ്പെടെ ഏതെങ്കിലും സമുദായത്തിൽനിന്ന് ഒരാളുമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ പ്രാതിനിധ്യം. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷനായിരുന്ന ഇക്ബാൽ സിംഗ് ലാൽപുര കഴിഞ്ഞ ഏപ്രിലിൽ വിരമിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ലാൽപുര പരാജയപ്പെട്ടു.
ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ സ്ഥിതിയും ദയനീയം
യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിൽ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച അർധ ജുഡീഷൽ സ്ഥാപനമായ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ സ്ഥിതിയും ദയനീയമാണ്. മുൻ ചെയർപേഴ്സൺ റിട്ട. ജസ്റ്റീസ് നരേന്ദർ കുമാർ ജെയിൻ 2023 സെപ്റ്റംബറിൽ കാലാവധി പൂർത്തിയാക്കിയതിനുശേഷം രണ്ടു വർഷത്തോളമായി ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിൽ സാഹിദ് അക്തർ എന്ന ഒറ്റയംഗം മാത്രമാണുള്ളത്.
ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ നിയമനങ്ങൾ വൈകുന്നത് ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനത്തെ ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ ഉപദേശക സമിതികൂടിയാണ് എൻസിഎംഇഐ. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിൽ മൂന്ന് അംഗങ്ങളും ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയുടെ റാങ്കിലുള്ള ചെയർപേഴ്സണും ഉണ്ടാകണമെന്നാണു വ്യവസ്ഥ.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി കമ്മീഷൻ, പട്ടികവർഗ കമ്മീഷൻ എന്നിവപോലുള്ള നിയമപരമായ സ്ഥാപനങ്ങളല്ലെങ്കിലും അർധ ജുഡീഷൽ അധികാരങ്ങളുള്ളവയാണ് ന്യൂനപക്ഷ കമ്മീഷനും വിദ്യാഭ്യാസ കമ്മീഷനും. എല്ലാ സംസ്ഥാനങ്ങളിലും സമാന സ്ഥാപനങ്ങളുണ്ടാകണമെന്നാണു വ്യവസ്ഥ. എന്നാൽ, പല സംസ്ഥാനങ്ങൾക്കും ഇപ്പോഴും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇല്ല.
ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന ആവശ്യമുണ്ടെങ്കിലും കേന്ദ്രസർക്കാർ നിയമനങ്ങൾ വൈകിക്കുകയാണ്. കേരള ബിജെപിയിലെ മുതിർന്ന ക്രൈസ്തവ, മുസ്ലിം നേതാക്കൾ അംഗത്വം നേടാനായി ശ്രമിച്ചെങ്കിലും ഇനിയും ആർക്കും നറുക്കു വീണിട്ടില്ല. ന്യൂനപക്ഷ കമ്മീഷനുകൾ നോക്കുകുത്തികളായതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം മരീചികയായി.
ഈ കമ്മീഷനുകൾക്കൊണ്ട് വിവിധ ന്യൂനപക്ഷ സമുദായങ്ങൾക്കു കാര്യമായ പ്രയോജനമില്ലെന്നു മണിപ്പുർ കലാപം ബോധ്യപ്പെടുത്തി.