യുഎൻ സെക്രട്ടറി ജനറൽ കാഷ്മീർ വിഷയം ഉന്നയിച്ചേക്കും
Saturday, September 21, 2019 12:49 AM IST
യുണൈറ്റഡ് നേഷൻസ്: അടുത്തയാഴ്ച ആരംഭിക്കുന്ന യുഎൻ പൊതുസഭാ യോഗത്തിൽ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെരസ് കാഷ്മീർ വിഷയം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് അറിയിച്ചു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന നിലപാട് ഗുട്ടെരസ് ആവർത്തിച്ചിട്ടുള്ളതാണ്.
കാഷ്മീർ സംബന്ധിച്ച ഇപ്പോഴത്തെ പ്രതിസന്ധിക്കും മനുഷ്യാവകാശ പ്രശ്നങ്ങൾക്കും പരിഹാരം ചർച്ചകളിലൂടെ കാണണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്ന് വക്താവ് കൂട്ടിച്ചേർത്തു. ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയ്ക്കു തയാറാകേണ്ടത് അത്യാവശ്യമാണെന്ന് ഗുട്ടെരസ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇരു കക്ഷികളും ആവശ്യപ്പെട്ടാൽ മാത്രമേ മധ്യസ്ഥതയ്ക്ക് യുഎൻ തയാറാകൂ മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാഷ്മീർ ഉഭയകക്ഷി പ്രശ്നമാണെന്നും യുഎന്നോ, യുഎസോ മധ്യസ്ഥത വഹിക്കേണ്ടെന്നും ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎൻ പൊതുസഭാ യോഗത്തിൽ 27നു പ്രസംഗിക്കുന്ന ഇമ്രാൻ ഖാൻ കാഷ്മീർ വിഷയം ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്.