ബ്രെക്സിറ്റ്: ജോൺസണു വീണ്ടും തിരിച്ചടി ; സ്പീക്കർ വോട്ടെടുപ്പ് അനുവദിച്ചില്ല
Monday, October 21, 2019 10:55 PM IST
ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി ബോറീസ് ജോൺസന് വീണ്ടും തിരിച്ചടി. ഇന്നലെ പാർലമെന്റിൽ വോട്ടെടുപ്പു നടത്താനുള്ള നീക്കം സ്പീക്കർ ജോൺ ബെർകോ ഇടപെട്ടു തടഞ്ഞു.
ശനിയാഴ്ചത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയവും ഇന്നലെ കൊണ്ടുവന്ന പ്രമേയവും ഫലത്തിൽ ഒന്നാണെന്നും ഒരേവിഷയത്തിൽ വീണ്ടും ചർച്ച നടത്തുന്നത് ക്രമവിരുദ്ധമാണെന്നും സ്പീക്കർ നൽകിയ റൂളിംഗിൽ ചൂണ്ടിക്കാട്ടി. കരാറില്ലാ ബ്രെക്സിറ്റ് തടയുന്നതിനുള്ള നിയമം പാസാക്കുന്നതുവരെ ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്നു ശനിയാഴ്ച എംപിമാർ നിർദേശിച്ചിരുന്നു.

പാർലമെന്റ് നിർദേശം അനുസരിച്ച് ജോൺസൻ കഴിഞ്ഞദിവസം ബ്രെക്സിറ്റ് മൂന്നുമാസത്തേക്കുകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയന് ഒപ്പിടാതെ കത്തയച്ചിരുന്നു. ഇതിനു പിന്നാലെ കാലാവധി നീട്ടരുതെന്ന് നിർദേശിച്ച് പേരെഴുതി ഒപ്പിട്ട മറ്റൊരു കത്തും അയച്ചു.
ആദ്യത്തെ കത്ത് അയച്ചത് നിയമം അനുശാസിക്കുന്ന നിബന്ധന പാലിക്കാനാണെന്നു വ്യക്തമാക്കി വേറൊരു കത്തും അയയ്ക്കുകയുണ്ടായി. ചുരുങ്ങിയ കാലത്തേക്ക് കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കാമെന്നു ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് അഭിപ്രായപ്പെട്ടു.
കരാറില്ലാ ബ്രെക്സിറ്റ് ഒഴിവാകുമെങ്കിൽ ഹ്രസ്വകാലത്തേക്ക് കാലാവധി നീട്ടിക്കൊടുക്കുന്നതിൽ തെറ്റില്ലെന്നു ജർമൻ ധനമന്ത്രി പീറ്റർ അൾട്ടാമെയറും പറഞ്ഞു.
ബ്രിട്ടീഷ് എംപിമാർ ബ്രെക്സിറ്റ് കരാർ പാസാക്കിയശേഷം മാത്രം യൂറോപ്യൻ യൂണിയൻ പ്രസ്തുത വിഷയത്തിൽ വോട്ടെടുപ്പു നടത്തിയാൽ മതിയെന്ന് യൂറോപ്യൻ പാർലമെന്റിന്റെ ബ്രെക്സിറ്റ് സ്റ്റീയറിംഗ് കമ്മിറ്റി നിർദേശിച്ചു.
ഇതിനിടെ ബ്രെക്സിറ്റ് ബിൽ ഇന്നലെ സർക്കാർ പ്രസിദ്ധപ്പെടുത്തി. ഇതിന്മേൽ ഇന്നു പാർലമെന്റിൽ ചർച്ചയും വോട്ടെടുപ്പും നടക്കും. ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.