വുഹാനിലെ ആശുപത്രി ഡയറക്ടർ കൊറോണ ബാധിച്ചു മരിച്ചു
Wednesday, February 19, 2020 12:16 AM IST
ബെയ്ജിംഗ്: വുഹാനിലെ വുച്ചാൻ ആശുപത്രി ഡയറക്ടർ ലിയു ഷിമിംഗ്(51) കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. കൊറോണയ്ക്കിരയായി മരിച്ച ഏഴാമത്തെ ആരോഗ്യ പ്രവർത്തകനാണ് ഇദ്ദേഹം.
എഴുസിറ്റി ഹോസ്പിറ്റലിലെ മുൻ ഡയറക്ടർ സു ഡെപു കഴിഞ്ഞയാഴ്ച മരിച്ചു. വുഹാനിൽ കൊറോണവൈറസ് പ്രത്യക്ഷപ്പെട്ട കാര്യം ആദ്യം പുറംലോകത്തെ അറിയിച്ച ഡോക്ടർ ലി വെൻലിയാംഗും ഈയിടെ മരണമടഞ്ഞു. 1716 മെഡിക്കൽ സ്റ്റാഫിന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ രോഗികളെ കണ്ടെത്താനായി അധികൃതർ വീടുവീടാന്തരം പരിശോധന ആരംഭിച്ചതായി മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞു.
രോഗികളുമായി സന്പർക്കം പുലർത്തിയ എല്ലാവരെയും നിർബന്ധിത പരിശോധനയ്ക്കു വിധേയമാക്കും. വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ പാർപ്പിക്കും. ഇതിനായി നിരവധി താത്കാലിക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. തിരിച്ചറിയൽ കാർഡില്ലാത്ത ആർക്കും ചുമയ്ക്കുള്ള മരുന്നുകൾ നൽകരുതെന്നും നിർദേശമുണ്ട്.
ഇതിനിടെ കൊറോണ മരണം രണ്ടായിരത്തിലേക്ക് അടുക്കുകയാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നലെ പുറത്തുവിട്ട കണക്കു പ്രകാരം മരണസംഖ്യ 1873 ആണ്. രോഗബാധിതരുടെ എണ്ണം 72,436.