ഫ്ലോയ്ഡിന്റെ മരണം: യുഎസിൽ പ്രതിഷേധം ശമിക്കുന്നില്ല
Saturday, May 30, 2020 11:55 PM IST
വാഷിംഗ്ടൺ ഡിസി: കറുത്തവംശജൻ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ യുഎസിൽ പ്രതിഷേധം ശമിക്കുന്നില്ല. രാജ്യവ്യാപക പ്രതിഷേധങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിലും മറ്റ് അക്രമങ്ങളിലും കലാശിക്കുന്നു. ന്യൂയോർക്ക്, അറ്റ്ലാന്റ, പോർട്ട്ലാൻഡ് എന്നിവടങ്ങളിൽ അക്രമങ്ങളുണ്ടായി.
ഇതിനിടെ, ഫ്ലോയ്ഡിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരൻ ഡെറക് ഷോവിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോയ്ഡിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സംഭവിച്ചത് ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു.
മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിൽ വ്യാജനോട്ട് മാറാൻ ശ്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഫ്ളോയ്ഡിനെ വെള്ളക്കാരനായ പോലീസുകാരൻ ഡെറക് ഷോവിൻ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൈയാമം വച്ച നിലയിൽ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തിയിരിക്കുന്ന വീഡിയോ പുറത്തുവന്നു.
സംഭവത്തിനു പിന്നാലെ, കറുത്ത വംശജർ നേരിടുന്ന വിവേചനത്തിനെതിരേ പ്രതിഷേധം കത്തിപ്പടരുകയാണ്. ഫ്ലോയ്ഡ് അവസാനം പറഞ്ഞ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന വാക്കുകൾ ഉയർത്തിയാണ് പ്രതിഷേധം.
മിനിയാപോളിസ്, സെന്റ് പോൾ നഗരങ്ങളിൽ വെള്ളി, ശനി രാത്രികർഫ്യു പ്രഖ്യാപിച്ചിട്ടും പ്രതിഷേധങ്ങളുണ്ടായി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. അക്രമികൾ കടകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്.