വിഷപ്രയോഗത്തിനു പിന്നിൽ പുടിൻ തന്നെ: നവൽനി
Thursday, October 1, 2020 11:44 PM IST
ബെർലിൻ: തനിക്കു വിഷപ്രയോഗം ഏറ്റതിനു പിന്നിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനാണെന്നു കരുതുന്നതായി റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി. ബർലിനിൽ സുഖംപ്രാപിച്ചുവരുന്ന അദ്ദേഹം ജർമൻ വാരികയായ ഡെർസ്പീഗലിനു നല്കിയ അഭിമുഖത്തിലാണ് ആരോപണമുന്നയിച്ചത്.
സോവ്യറ്റ് കാലത്തെ നോവിചോക് എന്ന രാസായുധമാണ് എനിക്കെതിരെ പ്രയോഗിച്ചത്. ജർമൻ വിദഗ്ധരുടെ കണ്ടെത്തൽ ഫ്രാൻസും സ്വീഡനും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ മൂന്നു ചാരസംഘടനാ മേധാവികൾക്കു മാത്രമാണു നോവിചോക് പ്രയോഗിക്കാൻ ഉത്തരവിടാൻ കഴിയുക. മൂന്നു പേരും പുടിനു കീഴിൽ പ്രവർത്തിക്കുന്നവരാണ് -നവൽനി പറഞ്ഞു.
മാരക രാസായുധപ്രയോഗത്തിനു വിധേയമായിട്ടും ജീവൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്. സുഖം പ്രാപിച്ച ശേഷം റഷ്യയിലേക്കു മടങ്ങാൻ തന്നെയാണ് പദ്ധതിയെന്നും നവൽനി കൂട്ടിച്ചേർത്തു
ഓഗസ്റ്റ് 20ന് സൈബീരിയയിൽനിന്നു മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണ നവൽനിയെ രണ്ടു ദിവസത്തിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി ജർമൻ തലസ്ഥാനത്തേക്കു കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞയാഴ്ച ആശുപത്രി വിട്ടെങ്കിലും ഫിസിയോതെറാപ്പി തുടരുകയാണ്.
ഇതിനിടെ, പുടിനെതിരേ ആരോപണമുന്നയിച്ച നവൽനിയെ വിമർശിച്ച് റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയുടെ ചെയർമാൻ വ്യാചെസ്ലാവ് വൊളോഡിൻ രംഗത്തു വന്നു. പുടിനാണു നവൽനിയുടെ ജീവൻ രക്ഷിച്ചതെന്നും നവൽനി നാണമില്ലാത്തയാളാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നോവിചിചോക് പ്രയോഗിക്കപ്പെട്ടതിനു തെളിവില്ലെന്ന് പുടിന്റെ വക്താവും പ്രതികരിച്ചു.