വീണ്ടും കാർട്ടൂൺ; എർദോഗാൻ നിയമനടപടിക്ക്
Wednesday, October 28, 2020 11:46 PM IST
പാരീസ്: "ഷാർളി ഹെബ്ദോ'യുടെ ഏറ്റവും പുതിയ ലക്കത്തിന്റെ കവർപേജിൽ തുർക്കി പ്രസിഡന്റ് റെസിപ് എർദോഗാനെ ചിത്രീകരിച്ച കാർട്ടൂൺ അപകീർത്തികരമാണെന്നുകാണിച്ച് തുർക്കി നിയമനടപടിക്ക്."വിലകുറഞ്ഞ' കാർട്ടൂണിനെതിരേ ആവശ്യമായ നിയമപരവും നയതന്ത്രപരവുമായ നടപടികൾ കൈക്കൊള്ളുമെന്ന് തുർക്കി പ്രസിഡന്റിന്റെ വക്താവ് ഫാറെത്തിൻ അൽത്തൂൺ പ്രസ്താവിച്ചു.
കാർട്ടൂൺ ടർക്കീഷ് ജനതയോടും ഇസ്ലാമിനോടുമുള്ള ശത്രുതയാണു വെളിപ്പെടുത്തുന്നത്. സാംസ്കാരിക വംശീയതയാണ് വാരികയുടെ നയം. കഴിഞ്ഞ ആഴ്ചയിൽ ഒരു ഇസ്ലാമിക തീവ്രവാദി അധ്യാപകൻ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതിനുശേഷം ഫ്രാൻസ് അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ പ്രഖ്യാപിച്ചിരുന്നു. അതേത്തുടർന്ന് ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ ആരംഭിച്ച വാക്പോര്, പുതിയ കാർട്ടൂൺ പ്രസിദ്ധീകരിച്ചതോടെ പുതിയ മാനങ്ങൾ കൈവരിച്ചിരിക്കുകയാണ്.
ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടിരുന്നു. മറ്റുചില ഇസ്ലാമിക രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ള ഫ്രഞ്ച് പൗരന്മാർ അതീവശ്രദ്ധ പുലർത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.