റഷ്യയിൽ വാക്സിനേഷൻ തുടങ്ങി
Saturday, December 5, 2020 11:59 PM IST
മോസ്കോ: റഷ്യയിൽ കോവിഡിനെതിരേ വാക്സിനേഷൻ ആരംഭിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക്-5 വാക്സിനാണ് മോസ്കോ നഗരവാസികൾക്കു കുത്തിവയ്ക്കുന്നത്. ആരോഗ്യ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്കുന്നത്.
സ്പുട്നിക് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ വൃത്തങ്ങൾ അവകാശപ്പെടുന്നു. പാർശ്വഫലങ്ങളില്ലെന്നും പറയുന്നു. അതേസമയം, ഈ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ഇതുവരെ പൂർത്തിയായിട്ടില്ല. രണ്ടു ഘട്ടമായിട്ടാണ് വാക്സിൻ സ്വീകരിക്കേണ്ടത്. രണ്ടാമത്തെ കുത്തിവയ്പ് 21 ദിവസങ്ങൾക്കുശേഷം എടുക്കണം.
മോസ്കോ നഗരത്തിൽ 70 വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈനായി മുൻകൂർ രജിസ്റ്റർ ചെയ്തവർക്ക് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ കേന്ദ്രങ്ങിലെത്താം.
ഗർഭിണികൾ, മുലയൂട്ടുന്നവർ, ചില ഗുരുതര രോഗങ്ങളുള്ളവർ, രണ്ടാഴ്ചയ്ക്കിടെ ശ്വാസകോശ രോഗങ്ങൾ പിടിപെട്ടവർ മുതലായവരെ വാക്സിൻ എടുക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനതീവ്രതയിൽ ലോകത്തു നാലാം സ്ഥാനത്താണ് റഷ്യ. 24.3 ലക്ഷം പേർക്കു രോഗം പിടിപെട്ടു. 42,684 പേർ മരിച്ചു. ആശുപത്രികളെല്ലാം രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. മോസ്കോയിലാണ് ഏറ്റവും ഗുരുതരാവസ്ഥ. വാക്സിൻ ലഭ്യമാകുന്നതിനനുസരിച്ച് കൂടുതൽ പേർക്കു കുത്തിവയ്പ്പു നല്കാനാണ് ഉദ്ദേശിക്കുന്നത്.
വർഷാവസാനത്തോടെ 20 ലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഫൈസർ വാക്സിന് ബഹ്റിനിലും അനുമതി
മനാമ: ഫൈസർ-ബയോൺടെക് വാക്സിൻ അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ബഹ്റിൻ അനുമതി നല്കി. എന്നുമുതൽ വാക്സിൻ ജനങ്ങൾക്കു ലഭ്യമാക്കുമെന്ന് ബഹ്റിൻ വ്യക്തമാക്കിയിട്ടില്ല.
ഇതേ വാക്സിന് ബ്രിട്ടൻ ബുധനാഴ്ച അംഗീകാരം നല്കിയിരുന്നു. ഈ ആഴ്ച ആദ്യം മുതൽ ജനങ്ങൾക്കു നല്കിത്തുടങ്ങും. ബഹ്റിനിൽ 87,000 പേർക്കു കോവിഡ് ബാധിച്ചു. 341 പേർ മരിച്ചു.