കത്തോലിക്ക പുരോഹിതനെ മ്യാൻമർ പട്ടാളം അറസ്റ്റ് ചെയ്തു
Sunday, June 20, 2021 12:55 AM IST
നയ്പിഡോ: മ്യാൻമർ സൈന്യം വൈദിക മന്ദിരം റെയ്ഡ് ചെയ്ത് കത്തോലിക്ക പുരോഹിതനെ അറസ്റ്റ് ചെയ്തു. ഫാ. മൈക്കിൾ ഓംഗ് ലിംഗിനെയാണ് ഹഖ രൂപതയുടെ കീഴിലുള്ള കാൻപെറ്റലെറ്റ് ടൗണിലെ സെന്റ് മൈക്കിൾസ് പള്ളിയിൽനിന്നു സൈനികർ ബലമായി പിടിച്ചുകൊണ്ടുപോയത്. മ്യാൻമറിലെ ജനാധിപത്യപ്രക്ഷോഭകരെ പിന്തുണച്ചുവെന്നാണ് പുരോഹിതനെതിരേയുള്ള ആരോപണം.
പാരീഷ് ഹാളിൽ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകൾ ചിൻലൻഡ് ഡിഫൻസ് ഫോഴ്സിനു നല്കാനായി കൊണ്ടുവന്നതാണോ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അതിക്രമം. സൈനിക ക്യാന്പിൽ 11 മണിക്കൂറോളം ചോദ്യം ചെയ്തശേഷം വെള്ളപേപ്പറിൽ ഒപ്പിടീച്ചശേഷം പുരോഹിതനെ വിട്ടയച്ചു. കഴിഞ്ഞയാഴ്ച മണ്ഡല അതിരൂപതയിലെ ആറു പുരോഹിതരെ പട്ടാളം അറസ്റ്റ് ചെയ്തിരുന്നു. 13നു പുലർച്ചെ അസംപ്ഷൻ കെട്ടിടസമുച്ചയവും വൈദികമന്ദിരവും റെയ്ഡ് ചെയ്തശേഷമായിരുന്നു അറസ്റ്റ്. മ്യാൻമറിൽ ജനസംഖ്യയുടെ 1.5 ശതമാനം കത്തോലിക്കരാണ്.