ജനാധിപത്യം ശക്തിപ്പെടുത്തണം: മാർപാപ്പ
Sunday, December 5, 2021 12:53 AM IST
ആഥൻസ്: വലതുപക്ഷ പ്രാദേശികവാദവും അധികാരകേന്ദ്രീകരണവും യൂറോപ്പിലും ലോകത്തെ ഇതരഭാഗങ്ങളിലും ജനാധിപത്യത്തിനു ഭീഷണി ഉയർത്തുന്നതായി ഫ്രാൻസിസ് മാർപാപ്പ. ജനാധിപത്യത്തിന്റെ പിറവിസ്ഥലമായ ഗ്രീസിൽ സന്ദർശനം ആരംഭിച്ച മാർപാപ്പ, പ്രസിഡന്റ് കാതറീന സക്കെല്ലാറോപൂലുവിന്റെ ഔദ്യോഗിക വസതിയിൽ രാഷ്ട്രീയ, സംസ്കാരിക നേതാക്കളെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്യുകയായിരുന്നു.
ജീവനെ ബഹുമാനിക്കുന്ന പുതിയൊരു മാനവികത പിന്തുടരാൻ യൂറോപ്യൻ നേതാക്കൾ തയാറാകണം. എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചാലേ ലോകം ഇന്നു നേരിടുന്ന പരിസ്ഥിതിനാശം, പകർച്ചവ്യാധി, ദാരിദ്ര്യം തുടങ്ങിയ വെല്ലുവിളികൾ നേരിടാനാകൂ. ആഥൻസും ഗ്രീസും ഇല്ലായിരുന്നെങ്കിൽ യൂറോപ്പും ലോകവും ഇന്നത്തെ നിലയിലെത്തുമായിരുന്നില്ലെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
സൈപ്രസ് സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലെ ഉച്ചയ്ക്കാണു ആഥൻസിൽ വിമാനമിറങ്ങിയത്. വിദേശകാര്യമന്ത്രി നിക്കോസ് ഡെൻഡിയാസ് മാർപാപ്പയെ സ്വീകരിച്ചു. പ്രസിഡന്റ് കാതറീന, പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോതാക്കീസ് എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
ഉച്ചയ്ക്കുശേഷം മാർപാപ്പ ഗ്രീസിലെ ഓർത്തഡോക്സ് സഭാ മേധാവിയും ആഥൻസ് ആർച്ച്ബിഷപ്പുമായ ഹിരോണിമസ് രണ്ടാമനെ അദ്ദേഹത്തിന്റെ അരമനയിൽ സന്ദർശിച്ചു. അതിനുശേഷം കത്തോലിക്കാ ബിഷപ്പുമാർ, വൈദികർ മുതലായവരെ കണ്ടു. വൈകിട്ട് ജസ്വിറ്റ് സഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്നു മാർപാപ്പ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ഇടത്താവളമായ ലെസ്ബോസ് ദ്വീപ് സന്ദർശിക്കും.