കുടിയേറ്റം ലോകത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നം: ഫ്രാൻസിസ് മാർപാപ്പ
Monday, December 6, 2021 12:54 AM IST
ആഥൻസ്: കുടിയേറ്റം ലോകത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്നു ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷ്യയെയും ഉത്തര ആഫ്രിക്കയെയും യൂറോപ്പിനെയും മാത്രം ബാധിക്കുന്ന പ്രശ്നമല്ല.
കാലാവസ്ഥാ വ്യതിയാനം, കോവിഡ് വ്യാപനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിനു നടപടികളുണ്ടാകുന്പോൾ കുടിയേറ്റപ്രതിസന്ധിയെ പരിഗണിക്കുന്നേയില്ല. അഭയാർഥികളോടുള്ള നിസ്സംഗത സംസ്കാരത്തിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീസിലെ ലെസ്ബോസ് ദ്വീപിൽ അഭയാർഥികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. മിറ്റലീൻ പട്ടണത്തിലെ അഭയാർഥി ക്യാന്പിൽ ആയിരങ്ങളാണു മാർപാപ്പയെ സ്വീകരിച്ചത്. പലരും തങ്ങളുടെ ദുരനുഭവങ്ങൾ മാർപാപ്പയോടു വിവരിച്ചു.
യൂറോപ്പിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ഇടത്താവളമായ ലെസ്ബോസ് ദ്വീപിൽ 2016 ഏപ്രിലിൽ മാർപാപ്പ സന്ദർശനം നടത്തിയിരുന്നു. അഞ്ചു വർഷത്തിനിടെ കാര്യങ്ങളിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നു മാർപാപ്പ പറഞ്ഞു.
കുടിയേറ്റക്കാരെ ഒഴിവാക്കാൻ മതിലുകെട്ടണമെന്നതു പോലുള്ള നിർദേശങ്ങൾ ദുഃഖകരമാണ്. രാഷ്ട്രീയമടക്കം പലതിന്റെയും ഇരകളായ പാവങ്ങൾക്കെതിരേ നടപടി എടുക്കുന്നതിനു പകരം കുടിയേറ്റമെന്ന പ്രശ്നത്തിന്റെ മൂലകാരണം മനസിലാക്കിയുള്ള പ്രതിവിധികളാണു വേണ്ടതെന്നു മാർപാപ്പ നിർദേശിച്ചു.
ഉച്ചയ്ക്ക് ആഥൻസിൽ മടങ്ങിയെത്തിയ മാർപാപ്പ വൈകുന്നേരം നാലിനു മെഗാറോൺ കൺസേർട്ട് ഹാളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് ഗ്രീസിലെ ഓർത്തഡോക്സ് സഭാ മേധാവിയും ആഥൻസ് ആർച്ച്ബിഷപ്പുമായ ഹിരോണിമസ് രണ്ടാമൻ മാർപാപ്പയെ അപ്പസ്തോലിക് നുൺഷ്യേച്ചറിൽ സന്ദർശിച്ചു.
മാർപാപ്പ ഇന്ന് ഗ്രീക്ക് സന്ദർശനം പൂർത്തിയാക്കി റോമിലേക്കു വിമാനം കയറും. 35-ാമത് അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി സൈപ്രസും മാർപാപ്പ സന്ദർശിച്ചിരുന്നു.